അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ അനുശോചനം അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിനും പാർട്ടിക്കും നികത്താനാകാത്ത നഷ്ടമാണ് വി എസിൻ്റെ വിയോഗത്തിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉജ്വല സമരപാരമ്പര്യത്തിൻ്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമു
വി.എസ് പ്രവർത്തിച്ചത് അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായെന്നും കേരളത്തിന്റെ വികസനത്തിന് അദ്ദേഹം ഏറെ സംഭവാന നൽകിയെന്നും രാഷ്ട്രപതി പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും അനുയായികളോടും തൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. എക്സിലൂടെയായിരുന്നു രാഷ്ട്രപതി അനുശോചനം അറിയിച്ചത്
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
ഇന്ത്യയുടെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗത്തിന്റെ അന്ത്യമാണ് വി.എസിന്റെ വിയോഗം സൂചിപ്പിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. 1969ലെ പിളർപ്പിന് ശേഷം സിപിഎമ്മിന്റെ സ്ഥാപക നേതാവായ വി.എസ് കേരളത്തിലും ദേശീയമായും പാർട്ടിയുടെ ദിശ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. കേരളത്തിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രി എന്ന നിലയിൽ, ഭൂമി കൈയേറ്റങ്ങൾ, പൊതുവിദ്യാഭ്യാസ പ്രോത്സാഹനം, അഴിമതി വിരുദ്ധ നടപടികൾ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കെതിരായ ഉറച്ച നടപടികൾക്ക് അദ്ദേഹം പ്രശംസ നേടി. പ്രതിപക്ഷ നേതാവായും ഭരണപരിഷ്കാര കമ്മീഷന്റെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ്റെ ആത്മാവിന് മുക്തി ലഭിക്കട്ടെയെന്നും ഗവർണർ പറഞ്ഞു.
ലുലു ഗ്രൂപ്പ് ചെയർമാൻ & മാനേജിങ് ഡയറക്ടർ എം എ യൂസഫലി
വി.എസ്സുമായി വളരെ അടുത്ത സ്നേഹബന്ധമാണ് ഞാൻ വെച്ചു പുലർത്തിയിരുന്നത്. 2017-ൽ യു.എ.ഇ. സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ എന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഒരു ഓർമ്മയായി ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു.കേരളത്തിലെ എൻ്റെ ആദ്യത്തെ സംരംഭമായ തൃശൂർ ലുലു കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹമെത്തിയത് എനിക്ക് ഒരിക്കലും മറക്കാൻ സാധ്യമല്ല. ചെളിയിൽ നിന്നും വിരിയിച്ച താമര എന്നായിരുന്നു കൺവെൻഷൻ സെന്ററിനെപ്പറ്റി അദ്ദേഹം അന്ന് പരാമർശിച്ചത്. ബോൾഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായപ്പോൾ സത്യസന്ധനായ കച്ചവടക്കാരൻ എന്നായിരുന്നു അദ്ദേഹം എന്നെപ്പറ്റി പറഞ്ഞത്.
മുൻ മുഖ്യമന്ത്രി എ കെ ആൻ്റണി
ജീവിതത്തിലൂടനീളം പാവപ്പെട്ടവർക്ക് വേണ്ടിയും അധ്വാനിക്കുന്നവർക്ക് വേണ്ടിയും പോരാടി. കേരളം കണ്ട എല്ലാ തൊഴിലാളി സമരങ്ങളിലും വിഎസ് മുന്നിലുണ്ടായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് വി എസ് ജനകീയനായത്. മുഖ്യമന്ത്രിയെന്ന നിലയിൽ കേരളത്തിൻറെ വികസനത്തിനു വേണ്ടി വലിയ ശ്രമങ്ങൾ നടത്തി.കൊച്ചി മെട്രോ വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനുവേണ്ടി താനുമായി പ്രവർത്തനങ്ങൾ നടത്തി.അവസാനം വരെ നല്ല ബന്ധം കാത്തുസൂക്ഷിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
പ്രായം ഒരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം നൽകിയാണ് വിഎസ് മടങ്ങുന്നത്. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരം ആയിരുന്നു വി എസ്സിന്. സാധാരണ കമ്മ്യൂണിസ്റ്റ് രീതികളിൽ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം.
നടൻ കമൽ ഹസൻ
കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും, സ്വാതന്ത്ര്യ സമര സേനാനിയും, കമ്മ്യൂണിസ്റ്റ് ഐക്കണുമായ അദ്ദേഹം ഒരിക്കലും വിസ്മരിക്കപ്പെട്ടവർക്കായുള്ള പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. കേരളത്തിനും ഇന്ത്യയ്ക്കും ഒരു യഥാർത്ഥ ജനകീയ ചാമ്പ്യനെ നഷ്ടപ്പെട്ടു.എന്ന് എക്സിലൂടെ കമൽ ഹാസൻ അനുശോചനമറിയച്ച് കുറിപ്പു പങ്കുവെച്ചു
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ
കേരളത്തിൻ്റെ രാഷ്ട്രീയ മനസ്സാക്ഷിയിൽ ആഴത്തിൽ പതിഞ്ഞ വിപ്ലവ പാരമ്പര്യമാണ് മുൻ മുഖ്യമന്ത്രിയുടെ മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂർത്തിമദ്ഭാവമായിരുന്നു മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെന്ന് സ്റ്റാലിൻ പറഞ്ഞു. വി.എസിൻ്റെ വിയോഗത്തിൽ അദ്ദേഹം അനുശോചനം അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു എം.കെ സ്റ്റാലിന്റെ പ്രതികരണം.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനും ആയിരുന്നു വിഎസ് അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ വേർപാട് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്. സാധാരണ തൊഴിലാളി പ്രവർത്തകനായി വളർന്നുവന്ന് നിരവധി സമരമുഖങ്ങളിൽ നേതൃത്വം വഹിച്ചു കേരളത്തിൻ്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറി.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ എല്ലാം അദ്ദേഹത്തിന്റെ സേവനങ്ങൾ വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സിപിഎം പാർട്ടിയുടെയും ദുഃഖത്തിൽ കെപിസിസിയും പങ്കുചേരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും നയിക്കുന്നതിലും രൂപീകരണത്തിലും വിഎസിന്റെ നേതൃത്വപരമായ പങ്ക് അതുല്യമാണ്. ദീർഘനാളായി രോഗശയ്യയിലായിരുന്നിട്ടും പ്രധാന പ്രശ്നങ്ങളിൽ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിഎസ് വഹിച്ച പങ്ക് സമൂഹത്തിന് മുന്നിലുണ്ടെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. വിഎസിന്റെ വേർപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും തീരാനഷ്ടമാണെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. അദേഹത്തിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദേഹം നേതൃത്വം നൽകി മുന്നോട്ടു കൊണ്ടുപോയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുകയെന്നത് അദേഹത്തിന്റെ്റെ ഓർമയ്ക്ക് മുൻപിൽ നിർവഹിക്കാനുള്ള ഉത്തരവാദിത്തമാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.
കെ കെ രമ എംഎൽഎ
പ്രാണനിൽ പടർന്ന ഇരുട്ടിൽ,നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ് … എന്നാണ് ടി പി ചന്ദ്രശേഖരൻ്റെ പത്നിയും എംഎൽഎയുമായ കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചത്









