പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർമ്മാതാവ് സാന്ദ്ര തോമസ് നൽകിയ ഹർജികൾ കോടതി തള്ളി.സംഘടനാ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് എറണാകുളം സബ് കോടതി തള്ളിയത്. വിധിയെ മാനിക്കുന്നു വെന്നും എന്നാൽ നിരാശയും വേദനയുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.
ബൈലോയിൽ ഇല്ലാത്ത വരണാധികാരിയുടെ നിയമനം റദ്ദാക്കുക, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കുക,കോടതിയുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ്നടത്തുക എന്നീ ആവശ്യങ്ങളാണ് സാന്ദ്ര തോമസ് ഉപ ഹർജിയിൽ അടിയന്തര ഉത്തരവിനായി ഉന്നയിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സുദീർഘമായ വാദമാണ് കോടതിയിൽ ഇതുമായി ബന്ധപ്പെട്ട നടന്നത്. എന്നാൽ സാന്ദ്രയുടെ വാദങ്ങൾ കോടതി തള്ളി. കോടതിവിധിയെ മാനിക്കുന്നുവെന്നും വിധിയിൽ നിരാശയും വേദനയും ഉണ്ടെങ്കിലും തന്റെ പോരാട്ടം തുടരുമെന്നും സാന്ദ്ര പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സാന്ദ്ര സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ബൈലോ പ്രകാരം നിര്‍ദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വരണാധികാരി സാന്ദ്രയുടെ പത്രിക തള്ളിയത്. ഈ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഇനിയും തുടർവാദം
നടക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് നാളെ നടക്കുന്നതിനാൽ പത്രിക തള്ളിയ വരണാധികാരിയുടെ നടപടി സാങ്കേതികമായി നിലനിൽക്കും.
സാന്ദ്ര ഉന്നയിച്ച കാര്യങ്ങൾ വ്യാജമെന്ന് തെളിഞ്ഞതായും ബൈലോ പ്രകാരമാണ് കാര്യങ്ങൾ മുന്നോട്ട് പോയതെന്നും നിർമ്മാതാക്കളായ സുരേഷ് കുമാറും ലിസ്റ്റിൻ സ്റ്റീഫനും പ്രതികരിച്ചു.