ബലാത്സംഗ കേസ്: മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

ന്യൂഡൽഹി: വീട്ട് ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും മുൻ ഹസ്സൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി ശനിയാഴ്ച ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രേവണ്ണയ്ക്ക് 10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇരയ്ക്ക് 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കോടതി പറഞ്ഞു. 

47 വയസ്സുള്ള വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തതിന് വെള്ളിയാഴ്ച രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്.  ബലാത്സംഗം, ലൈംഗിക പീഡനം, തെളിവ് നശിപ്പിക്കൽ, വിവരസാങ്കേതിക നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങൾ രേവണ്ണയ്‌ക്കെതിരെ ചുമത്തി.രേവണ്ണ അറസ്റ്റിലായി ഏകദേശം 14 മാസങ്ങൾക്ക് ശേഷവും വിചാരണ ആരംഭിച്ച് എട്ട് ആഴ്ചകൾക്കുള്ളിലും ജഡ്ജി സന്തോഷ് ഗജാനന ഭട്ട് ആണ് വിധി പ്രസ്താവിച്ചത്.വിധി പ്രഖ്യാപിക്കുമ്പോൾ വെള്ളിയാഴ്ച അദ്ദേഹം കോടതിയിൽ ഉണ്ടായിരുന്നു, അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിലെടുത്തപ്പോൾ വികാരാധീനനായി പൊട്ടിക്കരഞ്ഞു. 

അശ്ലീല വീഡിയോകൾ അടങ്ങിയ നൂറുകണക്കിന് പെൻ ഡ്രൈവുകൾ പ്രചരിച്ചതിന് തൊട്ടുപിന്നാലെ 2024 ൽ രേവണ്ണ ജർമ്മനിയിലേക്ക് നാടുവിട്ടത്. തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി, മെയ് 31 ന് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് രേവണ്ണയെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. 

മൈസൂരുവിലെ  ഫാം ഹൗസിൽ നിന്ന് രക്ഷപ്പെട്ട പരാതിക്കാരി പിന്നീട് പൊലീസിൽ മൊഴി നൽകിയതോടെയാണ് പ്രജ്വൽ കുരുക്കിലായത്. കുറ്റം ചുമത്തുന്നത് തടയാൻ രേവണ്ണയുടെ കുടുംബത്തിന്റെ നിർദ്ദേശപ്രകാരം തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് അവർ ആരോപിച്ചിരുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്ന് രേവണ വാദിച്ചെങ്കിലും ഈ വാദം കോടതി തള്ളി. 

40 അംഗ പ്രത്യേക അന്വേഷണ സംഘം 1,800 പേജുകളുള്ള അഞ്ച് വാല്യങ്ങളുള്ള കുറ്റപത്രം സമർപ്പിച്ചാണ് പ്രജ്വലിനെരെ ശക്തമായ തെളിവ് നിരത്തിയത്. പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, 38 ഹിയറിംഗുകളിലായി 26 സാക്ഷികളെ ക്രോസ് വിസ്താരം നടത്തി. കർണാടക രാഷ്ട്രീയത്തെ ഇളക്കിമറിച്ച സംഭവമായി പ്രജ്വലിന്റെ ലൈം​ഗിക വിവാദം മാറുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *