ബാങ്കുകളെപ്പോലെ ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന നിരവധി സ്കീമുകൾ പോസ്റ്റ് ഓഫീസിൽ ലഭ്യമാണ്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ വലിയ നേട്ടം നൽകുന്ന പോസ്റ്റ് ഓഫീസിന്റെ ചെറുകിടസമ്പാദ്യ പദ്ധതിയാണ് കിസാൻ വികാസ് പത്ര. ഈ സ്കീമിൽ ഒറ്റത്തവണയായി ചെറിയൊരു തുക സ്ഥിര നിക്ഷേപം നടത്തിയാൽ കാലാവധി പൂർത്തിയാകുമ്പോൾ നല്ലൊരു തുക കയ്യിൽ കിട്ടും. ഇടത്തരം വരുമാനമുള്ളവരെ നിക്ഷേപം നടത്താൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. റിസ്ക് എടുക്കാൻ തയ്യാറല്ലാത്തവർക്ക് ആശ്രയിക്കാവുന്ന നിക്ഷേപ പദ്ധതിയാണിത്.
പലിശ നിരക്ക്
നിലവിലെ പലിശ നിരക്കിൽ നിക്ഷേപിച്ച പണം ഇരട്ടിയാക്കാൻ 115 മാസമാണ് നിക്ഷേപം നടത്തേണ്ടത്. അതായത് ഒൻപത് വർഷവും ഏഴ് മാസവുമാണ് നിക്ഷേപം വേണ്ടി വരിക. നിലവില്‍ 7.5 ശതമാനം പലിശയാണ് കെവിപി വാഗ്‌ദാനം ചെയ്യുന്നത്. ബാങ്കുകളും മറ്റും 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമ്പോള്‍, ഇന്ത്യ പോസ്റ്റ് മുഴുവന്‍ നിക്ഷേപത്തിനും സുരക്ഷ ഉറപ്പാക്കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള കിഴിവുകൾ പദ്ധതിക്ക് കീഴിലെ നിക്ഷേപത്തിന് ലഭിക്കില്ല. കിസാൻ വികാസ് പത്ര നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം നികുതി വിധേയമായിരിക്കും.
എത്ര നിക്ഷേപിക്കാം
1,000 രൂപ മുതല്‍ ഇവിടെ നിക്ഷേപം ആരംഭിക്കാം. കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് കിസാന്‍ വികാസ് പത്ര തുടങ്ങിയത്. തുടര്‍ന്ന് വളരെ വേഗം ജനപ്രീതി നേടിയതോടെ എല്ലാവര്‍ക്കും നിക്ഷേപിക്കാൻ കഴിയുന്ന തരത്തിലേക്ക് മാറ്റി പ്രായപൂര്‍ത്തിയായ ഏത് ഇന്ത്യന്‍ പൗരനും ഒറ്റയ്‌ക്കോ, സംയുക്തമായോ കെവിപി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. 10 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കും കെവിപി അക്കൗണ്ട് തുടങ്ങാം.
അക്കൗണ്ട് തുടങ്ങി 2 വര്‍ഷവും 6 മാസവും കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും പിൻവിക്കാനുള്ള ഓപ്ഷനുണ്ട്. കെവിപി ഉടമയോ, ഏതെങ്കിലും ജോയിന്റ് അക്കൗണ്ട് ഉടമയോ മരണപ്പെട്ടാലും അക്കൗണ്ട് പിന്‍വലിക്കാം. മോര്‍ട്ടഗേജ്, ഒരു കോടതി ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലും നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. അക്കൗണ്ട് ഉടമ മരണമടഞ്ഞാൽ നോമിനിയുടെ പേരിലേക്ക് നിക്ഷേപം മാറ്റാനാകും.
കിസാൻ വികാസ് പത്രയുടെ നേട്ടങ്ങൾ
10 വർഷത്തിനുള്ളിൽ നിക്ഷേപം ഇരട്ടിയാക്കുന്ന പദ്ധതിക്ക് കീഴിൽ ഒരാൾ, 50,000 രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. നിക്ഷേപം കാലാവധി എത്തുമ്പോൾ ഒരു ലക്ഷം രൂപയുടെ സമ്പാദ്യം തിരികെ ലഭിക്കും. ഈ പദ്ധതിയില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചെന്നു കരുതുക. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 20 ലക്ഷം രൂപ കൈയ്യില്‍ കിട്ടും.