കുറഞ്ഞ നിക്ഷേപത്തിൽ ഉയർന്ന സമ്പാദ്യം വാഗ്‌ദാനം ചെയ്യുന്ന നിരവധി നിക്ഷേപ സ്കീമുകൾ ഇന്ന് ബാങ്കുകളും മറ്റുപൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. സാധാരണക്കാർക്കിടയിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പോസ്റ്റ് ഓഫീസും നിരവധി സമ്പാദ്യ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്നതിനാൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ സുരക്ഷിതമാണ്.
പോസ്റ്റ് ഓഫീസിന്റെ സേവിങ്സ് പ്ലാനായ പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് സ്കീം (RD) ഇന്ന് ജനപ്രിയമായി മാറിയിട്ടുണ്ട്. അപകടസാധ്യത കുറഞ്ഞതും എന്നാൽ മികച്ച വരുമാനം ഉറപ്പു നൽകുന്നതുമാണ് ഈ സ്കീമിനെ ഇത്രയധികം ജനപ്രിയമാക്കിയത്. സ്ഥിരമായ വളർച്ചയോടെ സുരക്ഷിതമായ നിക്ഷേപമാണ് തിരയുന്നതെങ്കിൽ, പോസ്റ്റ് ഓഫീസ് ആർഡി സ്കീം ഒരു മികച്ച ഓപ്ഷനാണ്.
5000 രൂപ നിക്ഷേപിച്ച് 8 ലക്ഷം നേടാം
പോസ്റ്റ് ഓഫീസ് ആർഡിയിൽ പ്രതിമാസം 5000 രൂപ നിക്ഷേപിച്ച് 10 വർഷം കൊണ്ട് 8,54,272 രൂപ സമ്പാദിക്കാം. ഈ സ്കീമിൽ പ്രതിമാസം 5000 രൂപ 5 വർഷത്തേക്ക് നിക്ഷേപിക്കുക. കാലാവധി പൂർത്തിയാകുമ്പോഴുള്ള നിക്ഷേപം 3,00,000 രൂപയായിരിക്കും. പലിശ ഇനത്തിൽ നേടിയ 56,830 രൂപ കണക്കാക്കുമ്പോൾ 5 വർഷത്തെ സമ്പാദ്യം 3,56,830 രൂപയാണ്. 5 വർഷം കൂടി സ്കീമിന്റെ കാലാവധി നീട്ടിയാൽ 3,00,000 രൂപ കൂടി അധികമായി നിക്ഷേപിക്കപ്പെടും. പലിശ ഇനത്തിൽ കിട്ടുക 2,54,272 രൂപയാണ്. 10 വർഷം കഴിയുമ്പോൾ നിങ്ങളുടെ കയ്യിൽ കിട്ടുക 8,54,272 രൂപയാണ്.
100 രൂപ മുതൽ നിക്ഷേപിക്കാം
100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സൗകര്യം നല്‍കിയിട്ടുണ്ട്.
ആര്‍ക്കൊക്കെ അക്കൗണ്ട് തുറക്കാം
ഒരു മുതിര്‍ന്ന വ്യക്തിക്ക് അക്കൗണ്ട് തുറക്കാം. പരമാവധി മൂന്ന് മുതിര്‍ന്നവരുളള ഒരു ജോയിന്റ് അക്കൗണ്ട്( ജോയിന്റ് എ, അല്ലെങ്കില്‍ ജോയിന്റ് ബി ഫോര്‍മാറ്റില്‍).
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേരില്‍ രക്ഷിതാവിന്.
മാനസിക അസ്വസ്ഥയുള്ള വ്യക്തിയുടെ പേരില്‍ ഒരു രക്ഷിതാവിന്.
സ്വന്തം പേരില്‍ പത്തോ അതില്‍ കൂടുതലോ പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് പോസ്‌റ്റോഫീസ് ആര്‍ ഡി സ്‌കീം തുറക്കാന്‍ സാധിക്കും. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും തുറക്കാം.
അക്കൗണ്ട് കാലാവധി
പോസ്റ്റ് ഓഫീസ് ആര്‍ ഡി സ്‌കീം അക്കൗണ്ട് തുറന്ന തീയതി മുതല്‍ അഞ്ച് വര്‍ഷത്തിന് ശേഷം (60 പ്രതിമാസ നിക്ഷേപങ്ങള്‍) കാലാവധി പൂര്‍ത്തിയാകും. ബന്ധപ്പെട്ട പോസ്‌റ്റോഫീസില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചുകൊണ്ട് ഇത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ഈ കാലയളവിലെ പലിശ നിരക്ക് അക്കൗണ്ട് തുറക്കുന്ന സമയത്ത് യഥാര്‍ഥ നിരക്കിന് തുല്യമായി തുടരും.
ആര്‍ഡി അക്കൗണ്ട് വായ്പ
പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം അക്കൗണ്ടില്‍ 12 തവണകളായി നിക്ഷേപിച്ച ശേഷം വായ്പാ സൗകര്യവും ലഭ്യമാണ്. അക്കൗണ്ട് നിര്‍ത്തലാക്കാതെ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തുടര്‍ന്നാല്‍ അക്കൗണ്ടിലെ ബാക്കി ക്രെഡിറ്റിന്റെ 50 ശതമാനം വരെ നിക്ഷേപകന് വായ്പ ലഭിക്കും.









