സുരക്ഷിതമായ നിക്ഷേപത്തിലൂടെ പ്രതിമാസം ഒരു നിശ്ചിത തുക ലക്ഷ്യമിടുന്നവർക്ക് ബാങ്കുകളും പോസ്റ്റ് ഓഫീസും നിരവധി നിക്ഷേപ പദ്ധതികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് ഈ പ്രതിമാസ വരുമാനം പലർക്കും ആശ്വാസമേകും. ഇത്തരത്തിൽ ഒരു നിശ്ചിത തുക പ്രതിമാസം ലഭിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതിയാണ് പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്).
ഈ പദ്ധതിയിൽ എത്ര നിക്ഷേപിക്കാം?
1000 രൂപ മുതൽ 9 ലക്ഷം രൂപ വരെ ഒരാൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ പ്രതിമാസം 7.4 ശതമാനം നിരക്കിൽ പലിശയും ലഭിക്കും. അക്കൗണ്ട് ആരംഭിച്ച് കൃത്യം ഒരു മാസം പിന്നിടുമ്പോൾ തന്നെ നിക്ഷേപകന് പലിശ ലഭിച്ചുതുടങ്ങും. നിക്ഷേപകന് അഞ്ച് വർഷത്തേക്ക് പ്രതിമാസ വരുമാനവും ലഭിക്കും.
ആർക്കൊക്കെ പദ്ധതിയിൽ ചേരാം?
നിക്ഷേപകന് ഒറ്റയ്ക്കോ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ടുകളിലോ പണം നിക്ഷേപിച്ച് പദ്ധതിയിൽ ചേരാവുന്നതാണ്. പ്രായപൂർത്തിയാകാത്തവർക്കും മാനസിക വളർച്ചയില്ലാത്തവർക്കുമായി രക്ഷിതാക്കൾക്ക് പദ്ധതിയിൽ ചേരാവുന്നതാണ്. ഒറ്റയ്ക്ക് പദ്ധതിയിൽ ചേരുമ്പോൾ പരമാവധി ഒമ്പത് ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടുകളിലായി 15 ലക്ഷം രൂപയുടെയും നിക്ഷേപം നടത്താം. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. നിക്ഷേപകർക്ക് താൽപ്പര്യമുണ്ടെങ്കിൽ മെച്യൂരിറ്റി കാലയളവിനുശേഷം അതേ സ്കീമിൽ വീണ്ടും നിക്ഷേപിക്കാനും കഴിയും.
അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?
പ്രതിമാസ വരുമാന പദ്ധതി തുറക്കുന്നതിന്, നിങ്ങൾ അടുത്തുള്ള പോസ്റ്റോഫീസ് സന്ദർശിക്കേണ്ടതുണ്ട്. അപേക്ഷാ ഫോം ചോദിക്കുക, വിശദാംശങ്ങൾ പൂരിപ്പിച്ച് ഐഡന്റിറ്റിയും വിലാസ തെളിവ് രേഖകളും സമർപ്പിക്കുക. ഇത്തരത്തിലുള്ള അക്കൗണ്ട് തുറക്കാൻ ഓൺലൈൻ സൗകര്യമില്ല.
കാലാവധി പൂർത്തിയാകുന്നതിനു അക്കൗണ്ട് ക്ലോസ് ചെയ്യാം
കാലയളവ് പൂർത്തിയാകുന്നതിന് മുൻപും പദ്ധതിയിൽ നിന്നും പിൻമാറാം. അങ്ങനെ ചെയ്യുമ്പോൾ നിക്ഷേപ തുക പൂർണമായും പിൻവലിക്കാൻ സാധിക്കില്ല. അക്കൗണ്ട് ആരംഭിച്ച് ഒരു വർഷം വരെ പണം പിൻവലിക്കാൻ സാധിക്കില്ല. അതിനുശേഷം ആവശ്യമെങ്കിൽ പണം പിൻവലിക്കാവുന്നതാണ്. മൂന്ന് വർഷത്തിന് മുൻപ് ക്ലോസ് ചെയ്യുകയാണെങ്കിൽ രണ്ട് ശതമാനം പിഴ ഈടാക്കും. എന്നാൽ മൂന്ന് വർഷത്തിന് ശേഷവും അഞ്ച് വർഷത്തിന് മുൻപും ഈ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ പിഴ ഒരു ശതമാനമാക്കി കുറയ്ക്കാം.
പ്രതിമാസം 5,550 എങ്ങനെ നേടാം?
എംഐഎസ് പദ്ധതിയിൽ 9 ലക്ഷം രൂപയുടെ നിക്ഷേപമാണ് നിങ്ങൾ നടത്തുന്നതെങ്കിൽ പ്രതിമാസം 5,550 രൂപ വരുമാനമായി ലഭിക്കും. 8,11,000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 5000 രൂപയും ലഭിക്കും.