പ്രതിമാസം കുറഞ്ഞ തുകയിൽ സുരക്ഷിത നിക്ഷേപം തേടുന്നവർക്ക് ഏറ്റവും മികച്ച മാർഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ളതിനാൽ മികച്ച പലിശ വാഗ്‌ദാനം ചെയ്യുന്നതിനൊപ്പം നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വവും ഉറപ്പു നൽകുന്നു. റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പേടി കൂടാതെ പോസ്റ്റ് ഓഫീസിനെ സമീപിക്കാം. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്‌കീം അവർക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണ്.
ഈ സ്കീമിൽ നിക്ഷേപിക്കുന്നതുവഴി വിരമിക്കൽ ജീവിതത്തിൽ പ്രതിമാസം നല്ലൊരു വരുമാനം നേടാൻ സാധിക്കും. ഇതൊരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ്. പലിശയാണ് പ്രതിമാസ വരുമാനമായി നിങ്ങൾക്ക് കിട്ടുന്നത്. നിലവിൽ പദ്ധതി 7.4 ശതമാനം പലിശയാണ് വാഗ്‌ദാനം ചെയ്യുന്നത്. നിക്ഷേപം നടത്തി അടുത്ത മാസം മുതൽ തന്നെ പലിശ ലഭിച്ചു തുടങ്ങുമെന്നതാണ് ഈ സ്കീമിന്റെ മറ്റൊരു സവിശേഷത.
എത്ര രൂപ നിക്ഷേപിക്കാം?
1000 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കും. ഒരാൾക്ക് പദ്ധതിയിൽ ഒരേസമയം 9 ലക്ഷം രൂപ നിക്ഷേപിക്കാം. പങ്കാളിയുമായി ചേർന്ന് ജോയിന്റ് അക്കൗണ്ട് ആണ് തുടങ്ങുന്നതെങ്കിൽ 15 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ പ്രതിമാസം പലിശ ഇനത്തിൽ കിട്ടുന്ന തുക കൂടുതലായിരിക്കും. അഞ്ചു വർഷമാണ് നിക്ഷേപ കാലാവധി. ഇത് നിങ്ങൾക്ക് 15 വർഷം വരെ നീട്ടാനാകും.
ആർക്കൊക്കെ നിക്ഷപിക്കാം
ഇന്ത്യയിൽ താമസിക്കുന്ന എല്ലാ പൗരന്മാർക്കും പദ്ധതിയിൽ ചേരാം. അതേസമയം, പ്രവാസികൾക്ക് പദ്ധതിയുടെ ഭാഗമാകുവാൻ സാധിക്കില്ല.പ്രായപൂർത്തിയായ ആർക്കും പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുറക്കാം. 10 വയസ്സിന് താഴെയുള്ളവരാണെങ്കിൽ പ്രായപൂർത്തിയായ ആർക്കും അവരുടെ പേരിൽ തുറക്കാൻ സാധിക്കും. ഇവർക്ക് 18 വയസ് തികയുമ്പോൾ ഫണ്ടുകൾ ആക്സസ് ചെയ്യാൻ സാധിക്കും. അതിന് അപേക്ഷകൾ നൽകേണ്ടതുണ്ട്.
എത്ര രൂപയാണ് പ്രതിമാസം കയ്യിൽ കിട്ടുക?
പങ്കാളിയുമായി ചേർന്ന് ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങിയാൽ, 15 ലക്ഷം രൂപ നിക്ഷേപിക്കാം. അങ്ങനെയെങ്കിൽ പ്രതിവർഷം 1,11,000 രൂപ പലിശ കിട്ടും. അതായത് മാസം 9,250 രൂപ കൈയ്യിൽ കിട്ടും.
പദ്ധതിയുടെ നേട്ടങ്ങൾ
സർക്കാർ പിന്തുണയുള്ള പദ്ധതിയായതുകൊണ്ട് സുരക്ഷിതമാണ്. പ്രതിമാസം സ്ഥിരമായ വരുമാനം ലഭിക്കും. എളുപ്പത്തിൽ അക്കൗണ്ട് തുറക്കാനും നിക്ഷേപം നടത്താനും സാധിക്കും. നിക്ഷേപകൻ ജോലിയുടെ ഭാഗമായോ മറ്റോ സ്ഥലം മാറുകയാണെങ്കിൽ ഇന്ത്യയിലുടനീളമുള്ള പോസ്റ്റ് ഓഫീസുകൾക്കിടയിൽ അക്കൗണ്ടുകൾ കൈമാറാൻ സാധിക്കും. ഈ പദ്ധതി അനുസരിച്ച് ഒരു ഗുണഭോക്താവിനെ നാമനിർദ്ദേശം ചെയ്യാനും നിക്ഷേപകന് സാധിക്കും. ഏതെങ്കിലും സാഹചര്യത്തിൽ നിക്ഷേപകന് മരിച്ചാൽ പദ്ധതിയിൽ നിന്നും പ്രതിമാസം ലഭിക്കുന്ന നിക്ഷേപ തുകയും പലിശയും ഗുണഭോക്താക്കൾക്ക് പ്രയോജനം ചെയ്യും.