കൊച്ചി: രണ്ടാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി അമ്മയുടെ ശബ്ദം കേട്ടതിന്‍റെ അമ്പരപ്പിലായിരുന്നു പൂജ. ജന്മനാ ശ്രവണശേഷിയില്ലാത്ത മകൾ തന്റെ ശബ്ദം കേട്ട സന്തോഷത്തിൽ അമ്മ നീതുമോളും. കാസര്‍ഗോഡ് രാജപുരം സ്വദേശികളായ ഗിരീശന്‍റെയും നീതുമോളുടേയും മകളായ പൂജ ശ്രവണശേഷിയില്ലാതെയാണ് ജനിച്ചത്. ചികിത്സക്കായി വിവിധ ആശുപത്രികളിൽ കയറിയിറങ്ങിയ ദമ്പതികളോട് കുഞ്ഞിന് കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ നടത്തണമെന്നും അതിന് പത്ത് ലക്ഷം രൂപയോളം ചെലവ് വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
നിര്‍ധന കുടുംബത്തിന് ആ തുക കണ്ടെത്തുക അസാധ്യമായിരുന്നു. തുടർന്ന് ലിസി ആശുപത്രിയിയിലെ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയെക്കുറിച്ചു അറിഞ്ഞ ദമ്പതികൾ ലിസിയിലെ ‘ലിസ് ശ്രവണ്‍ ‘ പദ്ധതിയിൽ അപേക്ഷിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുവാനുള്ള ഒരുക്കങ്ങള്‍ ചെയ്തു. കുടുംബത്തിന്‍റെ സാമ്പത്തിക സാഹചര്യങ്ങള്‍ മനസ്സിലാക്കിയ ലിസി ആശുപത്രി മാനേജ്മെന്റ് പൂര്‍ണ്ണമായും സൗജന്യമായി ശസ്ത്രക്രിയ നടത്തുവാന്‍ തയ്യാറാവുകയായിരുന്നു.
5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന് ഇംപ്ലാന്റ് ഘടിപ്പിച്ചത്.
കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജന്‍ ഡോ. മേഘാ കൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇ.എന്‍.ടി വിഭാഗത്തിലെ ഡോ. റീന വര്‍ഗീസ്, ഡോ. ഫ്രാങ്കി ജോസ്, ഡോ. ദിവ്യ മോഹന്‍, ഡോ. ജോസഫ് മാത്യു എന്നിവരും ശിശുരോഗ വിഭാഗം തലവന്‍ ഡോ. ടോണി മാമ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും അനസ്തേഷ്യ വിഭാഗം തലവന്‍ ഡോ. കെ രാജീവിന്‍റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും, റേഡിയോളജി വിഭാഗം തലവന്‍ ഡോ. അമല്‍ ആന്‍റണി, ഡോ. സുശീല്‍ എലിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഡോക്ടര്‍മാരും, ഇംപ്ലാന്‍റ് ഓഡിയോളജിസ്റ്റ് ഗൗരി രാജലക്ഷ്മിയുടെ നേതൃത്വത്തില്‍ ഉളള സംഘവും ചികിത്സയില്‍ പങ്കാളികളായിരുന്നു.
ലിസി ആശുപത്രിയിൽ വെച്ച് നടത്തിയ പിറന്നാൾ ആഘോഷത്തിൽ ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് മധുരം പങ്കു വെച്ചു. ജോ. ഡയറക്ടര്‍മാരായ ഫാ.റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, അസി.ഡയറക്ടര്‍മാരായ ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍ എന്നിവരും ആശുപത്രി ജീവനക്കാരും ചടങ്ങിന് എത്തിയിരുന്നു. പുത്തനുടുപ്പും പിറന്നാള്‍ സമ്മാനങ്ങളും നല്‍കിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്.