കൊച്ചി: ശ്വേത മേനോനെതിരായ കേസിന് പിന്നിൽ നടൻ ബാബുരാജും സംഘവുമാണെന്ന മാലാപാർവതിയുടെ പരോക്ഷ വിമർശനത്തിന് മറുപടിയുമായി പൊന്നമ്മ ബാബു. സ്ത്രീകൾക്കെതിരെ ഇത്രയും നെറികെട്ട പ്രവൃത്തിയ്ക്ക് ഒരു കാരണവശാലും ബാബുരാജിനെ പോലെ ഒരാൾ നിൽക്കില്ലെന്നും നിലവിൽ അയാൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ എല്ലാം മാലാ പാവർവതിയുടെ സൃഷ്ടിയാണെന്നും പൊന്നമ്മ ബാബു പറഞ്ഞു.
“ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടിയല്ല ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചത്. സംഘടനയ്ക്ക് വേണ്ടിയാണ്, സംഘടന നല്ല രീതിയിൽ മുന്നോട്ട് പോകണം എന്ന ആഗ്രഹത്തിൽ മാത്രമാണ് ഇതിൽ പ്രതികരിക്കാൻ തയ്യാറാകുന്നത്. മാലാ പാർവതി കേവലം മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി മാത്രമാണ് ഇത്തരം കാര്യങ്ങളെ കുറിച്ച് പറയുന്നത്.” പൊന്നമ്മ ബാബു കൂട്ടിച്ചേർത്തു. ഇക്കണ്ട കാലത്തൊന്നും ഈ വിഷയത്തിൽ അഭിപ്രായം പറയാതെ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനെയും പൊന്നമ്മ ബാബു കുറ്റപ്പെടുത്തി.
അതേസമയം കാലാകാലങ്ങളായി സാമൂഹ്യ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തുന്നയാളാണ് താനെന്നും എത്രയോ വർഷമായി ഈ മേഖലയിൽ സംസാരിക്കാറുണ്ടെന്നും സ്ത്രീകളുടെ പൊതുവായ വിഷയങ്ങളിൽ തനിക്ക് എല്ലാ കാലത്തും കൃത്യമായ നിലപാടുണ്ടെന്നുമായിരുന്നു മാലാ പാർവതിയുടെ മറുപടി. യഥാർഥ പ്രശ്നങ്ങളെ ഉയർത്തിക്കാണിക്കാതെ മറ്റ് ചെറിയ ചെറിയ പ്രശ്നങ്ങൾ മാത്രമാണ് ഇപ്പോൾ സംഘടനാ തലത്തിൽ ചർച്ചയാവുന്നത്.
ആരോപണങ്ങൾ ഉന്നയിക്കുകയും ആരോഗ്യപ്രശ്നങ്ങളുള്ള ചില യൂട്യൂബർമാരെ വിലക്കുകയും ചെയ്യുന്നത് മാത്രമാണ് വനിതാ സംഘടനകളുടെ ലക്ഷ്യമെന്ന രീതിയിലാണ് പലരും പ്രവർത്തിക്കുന്നത്. താൻ ഉന്നയിച്ച് കാര്യങ്ങളുടെ പിന്നിൽ ഏതെങ്കിലും തരത്തിൽ വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ലെന്നും അത്തരത്തിൽ വരുന്ന പരാമർശങ്ങളെ കുറിച്ച് നിലവിൽ തനിക്കൊന്നും പറയാനില്ലെന്നും മാലാ പാർവതി പറഞ്ഞു.
ഹേമകമ്മിറ്റി റിപ്പോർട്ടിന് ശേഷം സിനിമാ മേഖലയിൽ കാര്യമായ ചേരിതിരിവുണ്ടായിട്ടുണ്ട്. സർക്കാർ തലത്തിലും ഇക്കാര്യത്തിൽ കൃത്യമായ ഇടപെടലുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ പക്ഷം ചേർന്ന് മറുപടി പറയുന്നവരും ചെറുതല്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ തയ്യാറാവാത്തതിനെ ചൊല്ലി വലിയ വിവാദമുണ്ടായിരുന്നു. എന്നാൽ കമ്മീഷന് മുന്നിൽ മൊഴി നൽകിയവർ ആരും തന്നെ പരാതി നൽകാൻ തയ്യാറാവാതിരുന്നത് കേസ് അവസാനിപ്പിക്കുന്നതിലേക്ക് എത്തി. ഇതിന്റെ പേരിൽ ഡബ്ല്യുസിസി അംഗങ്ങൾക്കിടയിലും ചില അഭിപ്രായ ഭിന്നതകൾ ഉയർന്നിരുന്നു.
തുടക്കത്തിൽ ഒരുമിച്ചു നിന്ന് പാർവതി തിരുവോത്തും വിധുവിൻസെന്റും തമ്മിൽ സമൂഹമാധ്യമത്തിൽ ചേരിതിരിഞ്ഞ് പോസ്റ്റ് യുദ്ധം പോലും നടത്തി. ഇപ്പോൾ സിനിമാ സംഘടനയിലെ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വീണ്ടും ചർച്ചകൾ സജീവമായത്. മോഹൽലാൻ താരസംഘടനയുടെ തലപ്പത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതോടെയാണ് മത്സരത്തിന് വഴിയൊരുങ്ങിയത്. അതിൽ ജഗദീഷും ബാബുരാജും ഉൾപ്പെടെ പലരും പല തസ്തികകളിലേക്കും മത്സരിക്കാൻ തയ്യാറായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ തുടക്കം മുതലേ പലതരത്തിലുള്ള ആരോപണങ്ങളാണ് പരസ്പരം ഉന്നിയിച്ചത്. തുടർന്ന് ബാബുരാജ് ഉൾപ്പെടെയുള്ളവർ മത്സരരംഗത്ത് നിന്ന് പിന്മാറി.
തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെയാണ് ശ്വേതാ മേനോനും കുക്കു പരമേശ്വരനും ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ചിലർ രംഗത്തെത്തിയത്. പക്ഷേ അതിനെ അർഹിക്കുന്ന തരത്തിൽ അവഗണിച്ചാണ് തെരഞ്ഞെടുപ്പ് ഒരുക്കം. ഇനി ഏതാനും ദിവസം മാത്രമേ വോട്ടെടുപ്പിനുള്ളൂ. അവസാനഘട്ടത്തിലും പരസ്പര പഴിചാരൽ തുടരുന്നതിൽ ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എങ്ങനേയാണ് സംഘടന ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയെന്നതിൽ വ്യക്തതയില്ല.
ഇന്നസെന്റും മോഹൻലാലും ഇടവേളബാബുവും മുന്നിൽ നിന്ന് നയിച്ച സംഘടന കരുത്തുറ്റ നേതൃത്വത്തിലൂടെയാണ് നിലനിന്ന് പോയിരുന്നത്. നിലിവിലുയരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനം പുതിയ ഭരണ സമിതി വരുന്നതോടെയുണ്ടാകും എന്ന് പ്രതീക്ഷിക്കാം. മമ്മൂട്ടിയും മോഹൻലാലും സുരേഷ്ഗോപിയും ഉൾപ്പെടെയുള്ളവരില്ലാത്ത സംഘടന പുതിയ സാഹചര്യത്തിൽ ചെറുതല്ലാത്ത വെല്ലുവിളികൾ നേരിടേണ്ടി വരും എന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു.