ധർമസ്ഥലയിൽ മാധ്യമങ്ങൾക്ക് നേരെ അക്രമം: സ്ഥലത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചു

ബെം​ഗളൂരു: നാല് മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ധർമസ്ഥലയിൽ സുരക്ഷ വർധിപ്പിച്ച് പൊലീസ്. ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സൗജന്യയുടെ ബന്ധുക്കൾക്ക് നേരെയും അക്രമണം ഉണ്ടായി. സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനവും അക്രമികൾ തകർത്തു. വാഹനത്തിൻറെ ചില്ലുകൾ തകർക്കുകയും സീറ്റുകൾ കുത്തിക്കീറുകയും ചെയ്തു.
ധർമ്മസ്ഥല ട്രസ്റ്റിന്റെ അനുകൂലികളാണ് വാഹനം തകർത്ത അക്രമികളെന്ന് റിപ്പോർട്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ധർസ്ഥലയിൽ തെളിവുകൾക്കായി ഭൂമി കുഴിച്ച് നത്തിയ പരിശോധനയിൽ നൂറിലേറെ അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയിരുന്നു. അസ്ഥികൾ ഒന്നിലേറെ മനുഷ്യരുടേതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. തലയോട്ടികളും ഒരു പൂർണ അസ്ഥികൂടവും ഇതുവരെ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. അതിനിടയിൽ എസ്ഐടി ക്ക്‌ പുതിയ പരാതി ലഭിച്ചിട്ടുണ്ട്. 2002-2003 കാലയളവിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കുഴിച്ചുമൂടിയതെന്ന് ആരോപിച്ചാണ് പരാതി.

തിങ്കളാഴ്ച്ച നടത്തിയ പരിശോധനയിൽ സാക്ഷി ചൂണ്ടികാണിച്ച പതിനൊന്നാമത്തെ പോയിന്റിൽ നിന്ന് 100 മീറ്റർ മാറി ഉൾകാട്ടിലാണ് അസ്ഥികൾ കണ്ടെത്തിയത്. ഏകദേശം മൂന്നടി താഴ്ച്ചയിൽ കുഴിച്ചപ്പോൾ തന്നെ ചിതറിയ നിലയിൽ അസ്ഥികൾ കണ്ടെടുത്തു. അസ്ഥികൾക്കൊപ്പം മരത്തിൽ കെട്ടിയ നിലയിൽ ചുവപ്പ് സാരിയും കണ്ടെത്തിയിരുന്നു. അസ്ഥികളുടെ വിശ​ദ പരിശോധന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ സംഘം ഭാവി കാര്യങ്ങൾ തീരുമാനിക്കുക.

995 മുതൽ 2014 വരെ ധർമസ്ഥലയിൽ നിരവധി പെൺകുട്ടികളും സ്ത്രീകളും അടക്കമുള്ളവരുടെ മൃതശരീരങ്ങൾ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പടെ ചിലരുടെ ഭീഷണികൾക്ക് വഴങ്ങി കുഴിച്ചിട്ടു എന്ന മുൻ ക്ഷേത്ര ശുചീകരണ തൊഴിലാളിയുടെ മൊഴിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് സാക്ഷി പറഞ്ഞ പതിമൂന്ന് സ്ഥലങ്ങൾ അടയാളപ്പെടുത്തി നേത്രാവതി നദിക്കു സമീപവും വനത്തിലും റോഡരികിലുമായിട്ടാണ് തിരച്ചിൽ നടക്കുന്നത്. മറവ് ചെയ്തതിൽ ലൈംഗീക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളുടെയടക്കം മൃതദേഹങ്ങൾ ഉണ്ടെന്നാണ് വെളിപ്പെടുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *