എഴുപത്തിയെട്ട് വർഷത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് മേൽവിലാസം മാറുന്നു. നിലവില്‍ സൗത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് അടുത്ത മാസം മീറ്ററുകള്‍ മാത്രം അകലെയുള്ള എക്‌സിക്യൂട്ടീവ് എന്‍ക്ലേവിലേക്ക് മാറുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. കേന്ദ്രസർക്കാറിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പിഎംഒയ്ക്കും മറ്റ് ഉന്നത സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമായി എക്‌സിക്യൂട്ടീവ് എന്‍ക്ലേവ് സജ്ജീകരിച്ചിരിക്കുന്നത്.
പിഎംഒയ്ക്ക് പുറമെ, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, ഒരു കോണ്‍ഫറന്‍സിംഗ് സൗകര്യം എന്നിവടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് എന്‍ക്ലേവ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയോട് കൂടുതല്‍ അടുത്താണ് പുതിയ ഓഫീസ് സമുച്ചയം. പഴയ കെട്ടിടങ്ങളില്‍ ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തതയും സ്ഥലപരിമിതികളുമുണ്ടെന്ന ആക്ഷെപത്തെ തുടർന്നാണ് പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് മാറാനുള്ള പ്രധാന കാരണം.
പ്രധാനമന്ത്രി ഈ മാസം ഉദ്ഘാടനം ചെയ്ത കര്‍ത്തവ്യ ഭവന്‍-3 ലേക്ക് ആഭ്യന്തര, പേഴ്‌സണല്‍ മന്ത്രാലയങ്ങളെ മാറ്റിയിരുന്നു. കെട്ടിടം ഉദ്ഘാടനം ചെയ്തതിന് ശേഷം നടത്തിയ പ്രസംഗത്തില്‍, ഇന്ത്യയുടെ ഭരണസംവിധാനം പ്രവര്‍ത്തിച്ചിരുന്നത് ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ നിര്‍മിച്ച കെട്ടിടങ്ങളില്‍ ആയിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മതിയായ സ്ഥലസൗകര്യവും വെളിച്ചവും വായുസഞ്ചാരവുമില്ലാത്ത പഴയ കെട്ടിടങ്ങളിലെ മോശം തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി അന്ന് വാചാലനായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സമുച്ചയത്തിലേക്ക് ഓഫീസ് മാറുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടത്തില്‍ ആഭ്യന്തര മന്ത്രാലയം പോലുള്ള രാജ്യത്തെ ഏറ്റവും പരമ പ്രധാന മന്ത്രാലയം ഏകദേശം 100 വര്‍ഷത്തോളം എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ക്ക് പേര് നല്‍കുന്ന കേന്ദ്രത്തിന്റെ രീതിക്ക് അനുസൃതമായി പുതിയ പ്രധാനമന്ത്രിയുടെ ഓഫീസിനും പുതിയ പേര് ലഭിച്ചേക്കും. സേവനം എന്ന ആശയം പ്രതിഫലിക്കുന്ന തരത്തിലായിരിക്കും പുതിയ ഓഫീസിന് പേര് നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം തവണ അധികാരമേറ്റ ശേഷം ഓഫീസിനെ ആദ്യമായി അഭിസംബോധന ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ ഒരു ഓഫീസ് ഒരു പൊതുസേവന കേന്ദ്രമായി മാറണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇത്തരത്തിലൊരു മാറ്റമുണ്ടാകുമെന്ന് സൂചനകൾ നേരത്തെയുണ്ടായിരുന്നുവെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഉടനൊന്നും മാറില്ലെന്നാണ് കരുതിയിരുന്നത്. ഇപ്പോഴുള്ള മാറ്റം കേവലം അടിസ്ഥാനസൌകര്യങ്ങളുടെ പേരിൽ മാത്രമല്ലെന്നാണ് സൂചന. നെഹ്റുവിന്റെ കാലം മുതലുള്ള ഓഫീസിന് ഇന്ദിരാഗാന്ധിയുടെ കാലത്ത് അമിതാധികാരമുണ്ടായിരുന്നു പിന്നീട് മൊറാർജി ദേശായിയാണ് അതിന്റെ അമിതാധികാരങ്ങളെടുത്തുമാറ്റിയത്. അതിന് പിന്നാലെ മറ്റ് വകുപ്പുകളിൽ അമിതമായി കൈകടത്തിയ നടപടിയും ഇല്ലാതാക്കി. പിന്നീട് വന്ന പ്രധാനമന്ത്രിമാർ ഇതേ പാത തുടർന്നു. നരേന്ദ്രമോദി നേരത്തെ രണ്ട് തവണയും ഇതേ ഓഫീസിലാണ് തുടർന്നത്.