ന്യൂഡൽഹി: ആണവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടാൻ ശ്രമിക്കണ്ട, ആ ഭീഷണി ഇവിടെ നടപ്പാവില്ല എന്ന ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 79ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാം ആക്രമണത്തെ തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യയുടെ ആണവോർജ മേഖലയിൽ നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടു വന്നതിനെ തുടർന്ന് ആണവോർജ ശേഷി പത്തിരട്ടി വർധിച്ചിട്ടുണ്ട്. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. സിന്ധു നദീ ജല കരാർ ഏകപക്ഷീയവും അന്യായവുമാണ്. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കാണ് അതിനാൽ സിന്ധു നദീ ജല കരാറിൽ പുനരാലോചനയുണ്ടാവില്ല.” പാകിസ്ഥാന് മറുപടിയായി പ്രധാനമന്ത്രി വ്യക്തമാക്കി.
ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് ആഗോള വിപണികളിൽ നമ്മുടെ കഴിവ് തെളിയിക്കേണ്ട സമയമാണിത്. ഉത്പാദന ചിലവ് കുറയിക്കുന്നതിലൂടെ കുറഞ്ഞവില, ഉയർന്ന നിലവാരം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ലോകവിപണിയെ നാം ഭരിക്കണം എന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കൂട്ടി ചേർത്തു. ബഹിരാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായി എന്നും പ്രസംഗത്തിൽ പറഞ്ഞു. അതോടൊപ്പം ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ നിർമ്മിച്ച സെമികണ്ടക്ടർ ചിപ്പുകൾ വിപണിയിലെത്തും എന്നും അദ്ദേഹം അറിയിച്ചു.
നിത്യോപയോഗ സാധനങ്ങൾക്ക് നികുതി ഇളവ് വാഗ്ദാനം ചെയ്യുന്ന പരിഷ്കാരങ്ങള് ലളിതവും കൂടുതൽ ആക്സസ് ചെയ്യാവുന്നതുമായ നികുതി സംവിധാനം ഉറപ്പ് നല്കുന്നു. അതേസമയം ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരിക്കുകയും അവശ്യ വസ്തുക്കളുടെ നിരക്ക് കുറയ്ക്കുമെന്നും സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിലായിരിക്കും നികുതി പരിഷ്കരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.