ബെംഗളൂരു: തെക്കൻ ബെംഗളൂരുവിന്‍റെ ഗതാഗത കുരുക്കിന് പരിഹാരമായി നമ്മ മെട്രോ യെല്ലോ ലൈൻ പദ്ധതിയും പുതിയ വന്ദേ ഭാരത് ട്രെയിനും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആർ.വി റോഡ് മുതൽ ബൊമ്മ സാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റർ ദൂരത്തിലാണ് യെല്ലോ ലൈൻ. ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ് ജങ്ഷൻ എന്നീ മേഖലകളിലൂടെ കടന്നുപോകുന്ന യെല്ലോ ലൈൻ യാത്രാകുരുക്കിന് ഇതോടെ പരിഹാരമായി.
5,056.99 കോടി രൂപ മുടക്കിയാണ് ബെംഗളൂരു മെട്രോ യെല്ലോ ലൈൻ നിർമാണം പൂർത്തിയാക്കിയത്. 25 മിനിറ്റ് കൂടുമ്പോൾ സർവീസ് നടത്തുന്ന മൂന്ന് മെട്രോ ട്രെയിനുകളാണ് ഈ ലൈനിലുള്ളത്. ഇതോടൊപ്പം തന്നെ ബെംഗളൂരുവിനും ബെലഗാവിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. അമൃത്സർ-ശ്രീ മാതാ വൈഷ്ണോ ദേവി കത്രി, അജ്നി (നാഗ്പൂർ)-പുണെ എന്നിവയ്ക്കിടയിലുള്ള രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് അദ്ദേഹം ഫ്ളഗ് ഓഫ് ചെയ്തത്.
ഇലക്ട്രോണിക് സിറ്റി സ്റ്റേഷനിലേക്ക് അദ്ദേഹം മെട്രോ യാത്രയും നടത്തി 19 കിലോമീറ്ററിലധികം റൂട്ടും 16 സ്റ്റേഷനുകളുമുള്ള ബാംഗ്ലൂർ മെട്രോ ഫേസ്-2 പദ്ധതിയുടെ ആർവി റോഡ് (രാഗിഗുഡ്ഡ) മുതൽ ബൊമ്മസാന്ദ്ര വരെയുള്ള മഞ്ഞ ലൈൻ മെട്രോയ്ക്ക് ഏകദേശം 7,160 കോടി രൂപ വിലവരും. പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമാണ് ബംഗളൂരു നഗരം ഒരുക്കിയത്.
ഗതാഗത കുരുക്കും ജനത്തിരക്കും പരിഗണിച്ച് കനത്ത പൊലീസ് നിയന്ത്രണവും നഗരത്തിലൊരുക്കി. കനത്ത സുരക്ഷിയാരുന്നു പ്രധാനമന്ത്രി മോദിയുടെ ബംഗളൂരു സന്ദർശനം. വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് മോദിയുടെ സന്ദർശനം. ഇതേ വേളയിൽ തന്നെ മെട്രോ ഫേസ് -3 പദ്ധതിക്ക് അദ്ദേഹം തറക്കല്ലിടൽ കർമ്മവും നടത്തി. ഓറഞ്ച് ലൈൻ എന്ന പേരിലാകും ഫേസ് മൂന്ന് അറിയപ്പെടുക. മെട്രോ ഫേസ് 3, 15,611 കോടി രൂപ ചെലവിൽ നിർമ്മിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.
റൂട്ട് ദൈർഘ്യം 44 കിലോമീറ്ററിൽ കൂടുതലായിരിക്കും, 31 എലിവേറ്റഡ് സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടുന്നു. നഗരത്തിന്റെ വർദ്ധിച്ചുവരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ലക്ഷ്യമിട്ടുമാണ് വിപുലീകരിച്ച പുതിയ പദ്ധതി. റെസിഡൻഷ്യൽ, വ്യാവസായിക, വാണിജ്യ, വിദ്യാഭ്യാസ മേഖലകൾക്ക് കരുത്തേകുന്ന പദ്ധതിയായി മാറും.