വിദ്യാഭ്യാസം, ആശുപത്രി ചെലവുകൾ, വീടിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി പലരും പേഴ്‌സണൽ ലോണുകൾ എടുക്കാറുണ്ട്. വളരെ പെട്ടെന്ന് കിട്ടുന്നതിനാണ് പലരും പേഴ്സണൽ ലോണുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഈ വായ്പകൾ ബാങ്കിങ് സ്ഥാപനങ്ങളും എൻബിഎഫ്‌സികളും വളരെ കുറഞ്ഞ സമയത്തിനുള്ളിലോ അല്ലെങ്കിൽ രേഖകൾ ഒന്നും തന്നെ സമർപ്പിക്കാതെയും പെട്ടെന്ന് നൽകുന്നു. അപേക്ഷിച്ച് 24 മുതൽ 48 മണിക്കൂറിനുള്ളിൽ ലോണുകൾ അനുവദിക്കാറുണ്ടെന്നതാണ് മറ്റൊരു സവിശേഷമായ കാര്യം.
എന്നാൽ, പേഴ്സണൽ ലോണുകൾ പെട്ടെന്ന് കിട്ടുമെന്ന് കരുതി അപേക്ഷിക്കുന്നത് ചില അപകടങ്ങൾ ക്ഷണിച്ചു വരുത്തും. ആസൂത്രണം ചെയ്യാത്ത വായ്പകൾ സാമ്പത്തിക ബാധ്യതകൾക്കും കടബാധ്യതകൾക്കും കാരണമാകും. വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട അഞ്ച് തെറ്റുകളെക്കുറിച്ച് അറിയാം.
- ആവശ്യമുള്ളതിലധികം തുക വായ്പയായി എടുക്കുക
പെട്ടെന്ന് കിട്ടുമെന്നതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുകയേക്കാൾ കൂടുതൽ വ്യക്തിഗത വായ്പ തുക എടുക്കുന്നത് പ്രതിമാസ ഇഎംഐ ഭാരം വർദ്ധിപ്പിക്കും. ഇത് തിരിച്ചടവ് പ്രക്രിയ ദീർഘിപ്പിക്കുകയും സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. കടം വാങ്ങുന്നവർ തിരിച്ചടവുകൾ ശ്രദ്ധിച്ച് ആവശ്യമുള്ള തുക മാത്രം വായ്പയായി എടുക്കുകയും കടത്തിൽ വീഴാനുള്ള കെണിയിലേക്ക് തള്ളിവിടുന്ന അനാവശ്യ തെറ്റുകൾ ഒഴിവാക്കുകയും വേണം.
- പലിശ നിരക്കുകളും മറഞ്ഞിരിക്കുന്ന ചാർജുകളും അവഗണിക്കുക
കടം വാങ്ങുന്ന പലരും വ്യക്തിഗത വായ്പ കിട്ടുന്നതിനുള്ള ചെലവ് അവഗണിക്കുന്നു. ഈ വായ്പകൾ പലിശ നേടുന്നതിനായി വായ്പാ സ്ഥാപനങ്ങൾ നൽകുന്ന ക്രെഡിറ്റ് ഉൽപ്പന്നങ്ങളാണെന്ന് ഓർമ്മിക്കുക. കൂടാതെ, ഈ വായ്പകളുടെ പലിശ നിരക്കുകൾ പ്രതിവർഷം 10% മുതൽ 18% വരെയാണ്. മറഞ്ഞിരിക്കുന്ന ചാർജുകൾ, പ്രോസസിങ് പോലുള്ള ഫീസുകൾ, പ്രീ-പേയ്‌മെന്റ് പിഴകൾ എന്നിവ ഈ വായ്പകളുടെ ചെലവുകൾ വളരെയധികം വർധിപ്പിക്കും. ഇത് ഒഴിവാക്കാൻ വായ്പ നൽകുന്ന സ്ഥാപനങ്ങൾ താരതമ്യം ചെയ്യുകയും വായ്പ ഓഫറിന്റെ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
- ക്രെഡിറ്റ് സ്കോറും യോഗ്യതയും അവഗണിക്കുക
നല്ല ക്രെഡിറ്റ് സ്കോർ, അതായത് 750 ന് മുകളിലുള്ള ഏതൊരു സ്കോറും, പലിശ നിരക്കുകൾ കുറയ്ക്കാനും വേഗത്തിൽ വായ്പ കിട്ടാനും സഹായിക്കും. അതുകൊണ്ടാണ് ക്രെഡിറ്റ് സ്കോർ അവഗണിക്കരുതെന്ന് പറയുന്നത്. ഇത് ഉയർന്ന പലിശ നിരക്കുകളിലേക്കോ വായ്പാ അപേക്ഷ നിരസിക്കുന്നതിലേക്കോ നയിച്ചേക്കാം. വരുമാനം, ജോലി സ്ഥിരത തുടങ്ങിയ യോഗ്യതാ ഘടകങ്ങളും വായ്പ നൽകുന്നതിന് പരിഗണിക്കുന്നുണ്ട്.
- ഒന്നിലധികം വായ്പാ ദാതാക്കൾക്ക് ഒരേസമയം അപേക്ഷിക്കുക
വ്യത്യസ്ത വായ്പാ സ്ഥാപനങ്ങളിൽ അപേക്ഷകൾ ഒരേസമയം സമർപ്പിക്കുന്നത് ഒന്നിലധികം ഹാർഡ് ക്രെഡിറ്റ് അന്വേഷണങ്ങൾക്ക് കാരണമാകും. ഇത് ക്രെഡിറ്റ് സ്കോർ കുറയ്ക്കും. ഇവ വായ്പ അംഗീകാരത്തിനുള്ള സാധ്യതകളെ നെഗറ്റീവായി ബാധിച്ചേക്കാം.
- വായ്പാ കരാറുകൾ അവഗണിക്കുക
വ്യക്തിഗത വായ്പാ കരാറുകൾ അവഗണിക്കുന്നതും തിരിച്ചടവ് ഷെഡ്യൂളുകൾ, പിഴകൾ, കടം വാങ്ങുന്നവരുടെ ബാധ്യതകൾ എന്നിവ അംഗീകരിക്കാത്തതും അപ്രതീക്ഷിത സാമ്പത്തിക വെല്ലുവിളികൾക്ക് കാരണമായേക്കാം. ഉദാഹരണത്തിന് മറഞ്ഞിരിക്കുന്ന ചാർജുകൾ, കരാർ നിബന്ധനകൾ പാലിക്കാത്തതിനുള്ള പിഴകൾ, മറ്റ് സമാനമായ സങ്കീർണതകൾ.