വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഭാരതാംബ ചിത്രത്തിന്റെ പേരില്‍ രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയത് പ്രോട്ടോകോള്‍ ലംഘനമാണെന്ന ഗവര്‍ണറുടെ കത്തിന് മന്ത്രിയെ ശക്തമായി പിന്തുണക്കുന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനക്ക് പുറത്തുള്ള കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഇറങ്ങിപ്പോകാന്‍ മാത്രമേ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കയച്ച മറുപടിക്കത്തില്‍ വ്യക്തമാക്കി.
ഇത്തരം അവസരത്തില്‍ ഒരുമന്ത്രി എങ്ങനെ പെരുമാറുമോ അതേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ. മന്ത്രി വി. ശിവന്‍കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല. ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിനെത്തിയത്. രാജ്ഭവനില്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക ഔപചാരിക പരിപാടികളില്‍ ദേശീയ ചിഹ്നവും പതാകയും മാത്രമേ തുടര്‍ന്നും ഉപയോഗിക്കാവൂ എന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.
ജൂണ്‍ പത്തൊന്‍പതിന് രാജ്ഭവനില്‍ സംഘടിപ്പിച്ച ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് രാജ്യപുരസ്‌കാര വേദിയില്‍ നിന്ന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയതാണ് മുഖ്യമന്ത്രി പ്രോട്ടോകോള്‍ ലംഘനമായി ചൂണ്ടിക്കാട്ടിയത്. വേദിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം കണ്ട മന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും കുട്ടികളെ അഭിനന്ദിച്ച ശേഷം വേദി വിടുകയുമായിരുന്നു. തുടര്‍ന്നാണ് മന്ത്രി ശിവന്‍കുട്ടിക്കെതിരെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഭരണഘടയുടെ തലവനായ തന്നെ മന്ത്രി കുട്ടികളുടെ മുന്നില്‍വെച്ച് അപമാനിച്ചുവെന്നും ക്രമസമാധാന പ്രശ്നം രൂപപ്പെട്ടതോടെയാണ് കത്ത് നല്‍കാന്‍ തീരുമാനിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.