പെരുമൺ ദുരന്തത്തിന് 37 വർഷം ഉത്തരം കിട്ടാത്ത ചോദ്യമായി അപകടകാരണം

പെരുമണ്‍ : കേരളം കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളിലൊന്നായ പെരുമണ്‍ ദുരന്തത്തിന് 37 വര്‍ഷം. 1988ൽ പെരുമണ്‍ പാലത്തില്‍ നിന്ന് അഷ്‌ടമുടി കായലിലേക്ക് ഐലന്‍റ് എക്‌സ്‌പ്രസിന്റെ പത്ത് ബോഗികൾ പതിച്ച് 105 ജീവനുകളായിരുന്നു പൊലിഞ്ഞത്. 200ലധികം പേർക്ക് പരിക്കേറ്റു. ദുരന്തത്തിന്‍റെ ദുരൂഹതകള്‍ ഇപ്പോഴും മാറിയിട്ടില്ല. എന്താണ് അപകടത്തിന് കാരണമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും വിവിധ സംഘടനകളും അപകടം നടന്ന പാലത്തിന് സമീപത്തെ സ്‌മൃതി മണ്ഡപത്തിലെത്തി വിടപറഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കും. പുഷ്‌പാർച്ചനയും ഹാരാർപ്പണവും നടത്തിയാണ് പലരും മടങ്ങാറ്.. ദുരന്തം നടന്ന് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്‍റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പലപല കമ്മീഷനെ വെച്ച് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയെങ്കിലും അപകടത്തിന്റെ കാരണം ഇന്നും അജ്ഞാതം..

ടൊർണാഡോ അഥവാ ചുഴലിക്കാറ്റാണ് കാരണമെന്നാണ് വിലയിരുത്തൽ. റെയിൽവെ ഇക്കാര്യം സ്ഥിരീകരിച്ചു. പക്ഷേ തീവണ്ടിയുടെ പത്ത് ബോഗികൾ വെള്ളത്തിൽ കൂപ്പുകുത്താൻ പാകത്തിൽ കാറ്റടിച്ചിട്ട് മറ്റ് നാശനഷ്ടങ്ങളുണ്ടായിട്ടില്ല എന്നതും ഇക്കാര്യം കരയിൽ അറിഞ്ഞില്ല എന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ആകാശത്ത് നിന്ന് തുമ്പിക്കൈ പോലെ വന്ന ചുഴലിക്കാറ്റ് പെരുമൺ പാലത്തിൽ വെച്ച് ട്രെയിനിനെ തൂക്കിയെടുത്തു കായലിലിട്ടു എന്നായിരുന്നു റെയിൽ വെ നിയോഗിച്ച സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട്. പിന്നീടും അന്വേഷണത്തിനായി എത്തുന്ന സംഘം ആദ്യഘട്ടത്തിലെ അന്വേഷണത്തിന് ശേഷം ടോർണാഡോയിൽ തന്നെയാണ് എത്തുന്നത്. ഇതോടെ അന്വേഷണം പൂർത്തിയാവും. 2019 ൽ പെരുമൺ ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവും അവസാനിപ്പിക്കുന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.

രാജ്യം കണ്ട വലിയ ട്രെയിൻ അപകടമായിട്ടും അതിന്റെ കാരണം കണ്ടെത്താൻ കഴിയാത്തത് വലിയ പോരായ്മായി കണക്കാക്കുന്നവരും കുറവല്ല.
1988 ലെ ജൂലൈ 8 പെരുമണ്‍കാര്‍ക്ക് ഇന്നും നടുക്കുന്ന ഓര്‍മയാണ്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഐലന്‍റ് എക്‌സ്‌പ്രസാണ് അപകടത്തിൽപ്പെട്ടത്.

മരിച്ചതായി റെയിൽവെയുടെ കണക്കിലുള്ളത് 105 പേരാണ്. ഇതിൽ 17 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പെരുമണിൽ മരിച്ചവർക്കായി എല്ലാവർഷവും സ്മൃതി മണ്ഡപത്തിൽ പ്രത്യേക പ്രാർഥനകൾ നടക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *