വായ്പ സംവിധാനം സമ്പദ് വ്യവസ്ഥയുടെ ചലനത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ്. ഒരാൾക്ക് ഒന്നിലധികം വായ്പകളുണ്ടാകുന്നത് ഇന്നത്തെ കാലത്ത് സാധാരണമാണ്. അതേസമയം ഇത്തരത്തിലുള്ള ഒന്നിലധികം വായ്പകൾ തിരിച്ചടവിനെയും സാമ്പത്തിക അച്ചടക്കത്തെയും ബാധിച്ചേക്കാം. അങ്ങനെ വരുന്ന സാഹചര്യങ്ങളിലാണ് കടം ഏകീകരിക്കുന്നതിന് പല ആളുകളും ശ്രമിക്കുന്നത്. സാമ്പത്തിക വിദഗ്ധരും വായ്പ ഏകീകരണത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുകയും പരിഗണിക്കുകയും വേണമെന്ന് അടിവരയിടുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
പലിശ നിരക്ക് – എന്താവശ്യത്തിനുള്ള വായ്പയാണെങ്കിലും പലിശ നിരക്കാണ് ഏറ്റവും പ്രധാനം. നിങ്ങൾ ഇപ്പോൾ അടച്ചുകൊണ്ടിരിക്കുന്ന പലിശ നിരക്കുകളേക്കാൾ കുറവായിരിക്കണം വായ്പ ഏകീകരണത്തിനായി എടുക്കുന്ന വ്യക്തിഗത വായ്പയുടെ പലിശ നിരക്ക്. ഉദാഹരണത്തിന്, ക്രെഡിറ്റ് കാർഡ് പലിശ പ്രതിവർഷം 36 ശതമാനം മുതൽ 42 ശതമാനം വരെയാകാം. അതേസമയം, വ്യക്തിഗത വായ്പ പലിശ നിരക്കുകൾ വളരെ കുറവാണ്, അതായത്, 9 ശതമാനം മുതൽ 24 ശതമാനം വരെ. അങ്ങനെ വരുന്ന സാഹചര്യങ്ങൾ വ്യക്തിഗത വായ്പയിലേക്ക് തിരിയാനുള്ള മികച്ച അവസരമാണ്.
തിരിച്ചടവ് തവണകളല്ലാ ആകെ അടവ് പരിഗണിക്കുക – തിരിച്ചടവുകൾക്ക് കുറഞ്ഞ മാസ തവണകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാണെന്ന് തോന്നിയേക്കാം. എന്നിരുന്നാലും അവ പലപ്പോഴും ദീർഘവും കൂടുതൽ സമയം എടുക്കുന്നതുമായ വായ്പാ തിരിച്ചടവ് കാലാവധിയുമായി വരുന്നു. ഇത് കൂടുതൽ പലിശ അടയ്ക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. കുറഞ്ഞ കാലയളവ് തിരഞ്ഞെടുക്കാനും കൂടുതൽ പണം ലാഭിക്കാനും ശ്രദ്ധിക്കുക.
ക്രെഡിറ്റ് സ്കോറും വായ്പ യോഗതയും പരിശോധിക്കുക – ബാങ്കുകളും ബാങ്കിതര ധനകാര്യ സ്വായ്പാ സ്ഥാപനങ്ങളും 750 അല്ലെങ്കിൽ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോർ തേടുന്നു. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ ഉയർന്ന പലിശ നിരക്കിന് കാരണമാവുകയോ നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്യാം. കൂടാതെ, നിലവിലുള്ള വ്യക്തിഗത വായ്പകൾ ഉൾപ്പെടെ നിങ്ങളുടെ മൊത്തം പ്രതിമാസ ഇഎംഐകൾ നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 40 ശതമാനത്തിന് മുകളിൽ ആവുകയും ചെയ്യരുത്. ഈ ലളിതമായ നിയമം നിങ്ങളുടെ വായ്പ തിരിച്ചടവുകൾ നിയന്ത്രിക്കുന്നതിനും നിങ്ങളുടെ ധനകാര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു.
അധിക ചാർജുകൾ വിലയിരുത്തുക – പലപ്പോഴും വ്യക്തിഗത വായ്പകളെടുക്കുമ്പോൾ ഒളിഞ്ഞിരിക്കുന്ന ചാർജ്ജുകളും പ്രൊസസിംഗ് ചാർജുകൾ പോലെയുള്ളവയും നിർബന്ധമായും അറിഞ്ഞിരിക്കണം. വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ, നിങ്ങളുടെ കേസിൽ ബാധകമായ പ്രോസസ്സിംഗ് ഫീസ് വ്യക്തമായി ചർച്ച ചെയ്ത് മനസ്സിലാക്കുക, നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന മൊത്തം വായ്പയെക്കുറിച്ചും ബാധകമായ ചാർജുകളെക്കുറിച്ചും ഒരു ധാരണ നേടുക. ഇത് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ നിങ്ങളെ സഹായിക്കും.
കടം പരിഹരിക്കപ്പെടുന്നുണ്ടോ? – പഴയ കടങ്ങൾ തീർക്കുന്നതിനായി കടം ഏകീകരിക്കുന്നത് നിർണായകമാണ്, പക്ഷേ നിങ്ങൾ അതേ തെറ്റുകൾ വരുത്തുന്നില്ലെങ്കിൽ മാത്രം. നിങ്ങളുടെ കടങ്ങൾ അമിത ചെലവ്, ക്രമരഹിതമായ വാങ്ങലുകൾ, ആവേശകരമായ ഷോപ്പിംഗ് അല്ലെങ്കിൽ ശരിയായ ആസൂത്രണത്തിന്റെ അഭാവം എന്നിവയ്ക്ക് കാരണമാണെങ്കിൽ, ഒരു പുതിയ വ്യക്തിഗത വായ്പ അനിവാര്യമായ പ്രശ്നം വൈകിപ്പിക്കുകയേയുള്ളൂ.