മലബാറിന്റെ അരി പത്തിരിയും നെയ് പത്തലും ഉണ്ടാക്കിയാലോ? ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ

നല്ല ചൂടൻ അരിപ്പത്തിരിയും ചിക്കൻ കറിയുമാണ് മലബാറു കാരുടെ കോമ്പിനേഷൻ.  പഞ്ഞി പോലെ വെറും പേപ്പറിന്റെ കനത്തില്‍ ഉണ്ടാക്കുന്ന അരിപ്പത്തിരി സ്വാദിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്.  മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി പത്തൽ എന്നും പത്തിൽ എന്നും വിളിക്കപ്പെടുന്നു.  

അരി പത്തിരി / നൈസ് പത്തിരി

ചേരുവകള്‍

അരിപ്പൊടി- 1 അര കപ്പ്

വെള്ളം – 3 കപ്പ്

ഉപ്പ് ആവശ്യത്തിന്

എണ്ണ – 1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

തരിയില്ലാതെ പൊടിച്ചെടുത്ത അരിപ്പൊടി ഉപ്പിട്ട തിളച്ച വെള്ളവും വെണ്ണയും ചേർത്ത് നന്നായി കുഴച്ച് ചെറിയ ഉരുളകളുണ്ടാക്കുന്നു. ഈ ഉരുളകൾ ചപ്പാത്തിപോലെ കനം കുറച്ച് പരത്തിയെടുക്കുന്നു. പരത്തിയെടുത്തവ ദോശക്കല്ലിൽ ചുട്ടെടുക്കുന്നു. ചിക്കൻ കറിയോ, മീൻ കറിയോടൊപ്പമോ കഴിക്കാം.

നെയ് പത്തൽ

പത്തിരിപ്പൊടി -1 കപ്പ്

തിളയ്ക്കുന്ന വെള്ളം – 1 കപ്പ്

തേങ്ങ ചിരകിയത് – 2 ടേബിൾസ്പ്പൂൺ

ചെറിയ ജീരകം – ½ ടീസ്പുൺ

എള്ള് – 1 ടീസ്പുൺ

ഉള്ളി – 3 എണ്ണം

ഉപ്പ് ആവശ്യത്തിന്

നെയ്യ് – ½ ടീസ്പുൺ

വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

വലിയൊരു പാനിൽ വെള്ളം, ഉപ്പ്, നെയ്യ് എന്നിവ  ചേർത്ത്  വെട്ടിത്തിളയ്ക്കുമ്പോൾ പത്തിരിപ്പൊടി കുറേശ്ശെ ചേർത്ത് കുഴച്ചെടുക്കുക. ശേഷം  തേങ്ങ, ജീരകം, ഉള്ളി എന്നിവ ചതച്ചതും ചേർത്ത് ചുട് പോകും മുൻപ് നല്ലതുപോലെ കുഴച്ചെടുക്കുക.

കുഴച്ച മാവ് ഒരു സെൻറീമീറ്റർ കനത്തിൽ പരത്തി  പത്തിരിയുടെ ആകൃതിയിൽ മുറിച്ചെടുക്കുക.

തിളച്ച വെളിച്ചെണ്ണയിൽ പത്തിരി വറത്തുകോരുക.ചായയ്ക്കൊപ്പമോ, കറികൂട്ടിയൊ കഴിക്കാം

തേങ്ങ പത്തിരി 

പത്തിരിപൊടിയിൽ തേങ്ങയും ചുവന്നുള്ളിയും കൂടി ചേർത്താൽ രുചിക്ക് മറ്റൊരു ലെവൽ ആകും

ചേരുവകൾ

പത്തിരിപ്പൊടി – ഒന്നര കപ്പ്

വെള്ളം – രണ്ടേകാൽ കപ്പ്

തേങ്ങാ ചിരകിയത് – മുക്കാൽ കപ്പ്

ചുവന്നുള്ളി – 6 അല്ലി

ഉപ്പ് – ആവശ്യത്തിന്

നെയ്യ് – ഒരു ടേബിൾ സപൂൺ

തയാറാക്കുന്ന വിധം 

തേങ്ങയും ചുവന്നുള്ളിയും വെള്ളം ചേർക്കാതെ  ചതച്ചെടുക്കുക.  ഒരു പാത്രത്തിൽ രണ്ടര കപ്പ് വെള്ളം തിളപ്പിക്കുക . ആവശ്യത്തിന് ഉപ്പും ചതച്ച തേങ്ങയും ചേർക്കുക.

തിളയ്ക്കുമ്പോൾ അരിപ്പൊടി ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. ചൂട്  കുറഞ്ഞതിന് ശേഷം നെയ് ചേർത്ത് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കുക.

ഒരു ചപ്പാത്തിപ്പലകയിൽ കനം കുറച്ചു പരത്തുക. ഒരു ദോശക്കല്ലിൽ ചുട്ടെടുക്കുക.

അല്പം നെയ്യ് പുരട്ടിയാൽ രുചി കൂടും. 

ഇവ മാത്രമല്ല, പൊരിച്ച പത്തിരി, മീൻ പത്തിരി, ഇറച്ചി പത്തിരി അണ പത്തിരി തുടങ്ങി  ഇങ്ങനെ പോകുന്നു  രുചിയേറും പത്തിരിയുടെ വിവിധ വിഭവങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *