തമിഴ്നാട്ടിലെ റാണിപേട്ടില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി. ആരക്കോണം – കാട്പാടി മെമു പാസഞ്ചര്‍ ട്രെയിന്‍ (നമ്പര്‍ 66057) ആണ് ചിറ്റേരി റെയില്‍വേ സ്റ്റേഷന് സമീപത്ത് പാളംതെറ്റിയത്. ആളപായമില്ല.
ചിറ്റേരി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പാളം തെറ്റിയത്. ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുന്നതിന് മുമ്പായി വലിയ ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പാളം തെറ്റിയ സ്ഥലത്ത് റെയില്‍വേ ട്രാക്കിന്റെ ഒരു ഭാഗം വലിയ രീതിയില്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ്അട്ടിമറി ശ്രമമാണോ എന്ന് സംശയിക്കുന്നു.
ഗതാഗതം പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റെയില്‍വേ ജീവനക്കാരുള്‍പ്പെടെയുള്ള സംഘം സ്ഥലത്തുണ്ട്. പാളം തെറ്റാനുണ്ടായ കാരണം, മറ്റ് ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടോ, ഗതാഗതം പുനഃസ്ഥാപിക്കാന്‍ എത്ര സമയമെടുക്കും തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രസ്താവന റെയില്‍വേ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
2011ല്‍ ഇതേ സ്ഥലത്ത് വലിയൊരു ട്രെയിന്‍ അപകടം ഉണ്ടായിട്ടുണ്ട്. രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 11പേര്‍ അന്ന് മരിച്ചു. 70ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തമിഴ്‌നാട്ടില്‍ ട്രെയിന്‍ അട്ടിമറി ശ്രമങ്ങള്‍ പലപ്പോഴായി നടന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഈറോഡ്-ചെന്നൈ യേര്‍കാട് എക്‌സ്പ്രസ് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമുണ്ടായി. റെയില്‍വെ ട്രാക്കില്‍ ഇരുമ്പുകമ്പി കയറ്റിവെച്ച് അപകടമുണ്ടാക്കാനുള്ള ശ്രമം ലോക്കോപൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് ഒഴിവായത്. സേലം മകുടന്‍ചാവടി റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. ട്രാക്കില്‍ കമ്പി കിടക്കുന്നത് കണ്ട ലോക്കോപൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചതിനാല്‍ ട്രെയിന്‍ വേഗത കുറഞ്ഞ് ഇരുമ്പുകമ്പിയില്‍ കയറി. ഇതേത്തുടര്‍ന്ന് ട്രെയിനിന്റെ എഞ്ചിന്‍ തകരാറിലായി. ട്രെയിനില്‍ മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരടക്കം നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു.