ന്യൂഡൽഹി: ഒരുമാസം നീണ്ടു നിൽക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിന് തുടക്കമായി. ആദ്യ ദിനം തന്നെ പാർലമെന്റ് ബഹളമായമായിരിക്കുകയാണ്. ലോക്സഭയിൽ പഹൽഗാം ഭീകരാക്രമണം ചർച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യോത്തരവേളയിൽ പ്രതിപക്ഷ അംഗങ്ങൾ മുദ്രവാക്യം വിളികളോടെ സ്പീക്കറുടെ ചെയറിനടുത്തേക്ക് എത്തിയതോടെ 12 മണി വരെ സഭ നടപടികൾ നിർത്തിവെച്ചു. പ്രതിഷേധക്കാർ പുറത്തുപോകണമെന്നും സഭാംഗങ്ങൾ ചട്ടവും മര്യാദയും പാലിക്കണമെന്നും സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടു.
നേരത്തെ സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കണ്ടിരുന്നു. രാജ്യത്തിന്റെ നേട്ടങ്ങൾ എണ്ണപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ തുടക്കം. പഹൽഗാം ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നൽകിയെന്ന് മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ നൂറു ശതമാനം വിജയമായിരുന്നു. ഇന്ത്യയുടെ സൈനികശക്തി ലോകം കണ്ടു. വർഷകാല സമ്മേളനത്തിൽ ക്രിയാത്മക ചർച്ചകളുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓഗസ്റ്റ് 21വരെയാണു സമ്മേളനം. 21 സിറ്റിംഗുകൾ ഉണ്ടാകും. പഹൽഗാം ഭീകരാക്രമണം മുതൽ ബിഹാർ വോട്ടർ പട്ടിക വരെയുള്ള നിരവധി വിഷയങ്ങളിൽ സർക്കാരിനെ എതിർക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം ഒരുങ്ങുന്നതോടെ, പാർലമെന്റ് പ്രക്ഷുബ്ധമാകും. ജിഎസ്ടി ഭേദഗതി ബിൽ, ഐഐഎം ഭേദഗതി ബിൽ, ജൻ വിശ്വാസ് ബിൽ, മൈൻസ് ആൻഡ് മിനറൽസ് ബിൽ, നാഷണൽ ആന്റി ഡോപ്പിംഗ് ബിൽ ഉൾപ്പെടെ പുതിയ എട്ടു ബില്ലുകൾ സമ്മേളനകാലയളവിൽ അവതരിപ്പിക്കും. ആദായനികുതി ബിൽ, ഇന്ത്യൻ പോർട്സ് ബില്ലടക്കം നേരത്തെ അവതരിപ്പിച്ച ഏഴ് ബില്ലുകളിലും ചർച്ചയുണ്ടാകും.
എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരം തേടി അമ്പതോളം ചോദ്യങ്ങൾ എംപിമാർ തയാറാക്കിയിട്ടുണ്ട്. പാർലമെന്റ് സമ്മേളന കാലയളവിൽ പ്രധാനമന്ത്രി വിദേശപര്യടനം നടത്തുന്നതും പ്രതിപക്ഷം ആയുധമാക്കും.
ജമ്മു കാഷ്മീരിലെ പഹൽഗാമിൽ സംഭവിച്ച സുരക്ഷാവീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രയോടു മറുപടി തേടുമെന്ന് കോൺഗ്രസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിനു മധ്യസ്ഥത വഹിച്ചുവെന്നും ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനും ഇടപെടലുകൾ നടത്തിയെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കും പ്രതികരണം തേടുമെന്ന് കോൺഗ്രസ് കമ്യൂണിക്കേഷൻസ് ഇൻ ചാർജ് ജയറാം രമേശ് എക്സിൽ കുറിച്ചു.
ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുമായുള്ള നമ്മുടെ അതിർത്തിയിൽ രൂപപ്പെട്ടിരിക്കുന്ന അച്ചുതണ്ടിനെക്കുറിച്ച് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാൽ പ്രതിരോധ, വിദേശനയങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ടതു പ്രധാനപ്പെട്ട വിഷയമാണെന്ന് മൺസൂൺ സമ്മേളനത്തിനു മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിനു ശേഷം കോൺഗ്രസ് നേതാന് ഗൗരവ് ഗൊഗോയ് പറഞ്ഞു. ജമ്മു കാഷ്മീരിനു പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ, ലഡാക്കിനുള്ള ഷെഡ്യൂൾ 6 പദവി, മണിപ്പൂരിലെ സ്ഥിതി എന്നിവയെക്കുറിച്ചും പാർട്ടി ചർച്ച തേടും.
51 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത സർവകക്ഷി യോഗത്തിൽ, പാർലമെന്റിന്റെ സുഗമമായ നടത്തിപ്പിനു സഹകരണം ഉറപ്പാക്കണമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അഭ്യർഥിച്ചു. രാജ്യസഭാ ചെയർമാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധൻഖറും സഹകരണത്തിന് ആഹ്വാനം ചെയ്തു.