കര്‍ണാടകയില്‍ ദലിത് വിഭാഗത്തില്‍നിന്നുള്ള സ്ത്രീയെ പ്രധാന പാചകക്കാരിയായി നിയമിച്ചതിനെതുടര്‍ന്ന് ഗവ. ഹയര്‍ പ്രൈമറി സ്‌കൂളില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ കൂട്ടത്തോടെ വിദ്യാര്‍ഥികളെ പിന്‍വലിച്ചു. ചാമരാജനഗര്‍ ഹൊമ്മ ഗ്രാമത്തിലാണ് സംഭവം.
സ്‌കൂളില്‍ ചേര്‍ന്ന 22 വിദ്യാര്‍ഥികളില്‍ 21 പേരുടെയും രക്ഷിതാക്കള്‍ അവരുടെ കുട്ടികളെ പിന്‍വലിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. ഒരു കുട്ടി മാത്രമാണ് ഈ വിദ്യാലയത്തില്‍ ശേഷിക്കുന്നത്. നഞ്ചമ്മ എന്ന ദലിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതോടെ ഏഴ് പേര്‍ മാത്രമാണ് സ്‌കൂളില്‍ തയാറാക്കുന്ന ഉച്ചഭക്ഷണം കഴിച്ചിരുന്നത്. ഇവരും ആഹാരം ബഹിഷ്‌കരിച്ച് കുട്ടികളുടെ ടി.സി വാങ്ങുന്നവര്‍ക്കൊപ്പം ചേര്‍ന്നു. ടി.സി വാങ്ങിയ പല രക്ഷിതാക്കളും കുട്ടികളെ മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 12 പേര്‍ ഇതിനകം ടി.സി വാങ്ങി. ശേഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ ജില്ല അധികൃതര്‍ സ്‌കൂളിലെത്തി അധ്യാപകരുമായും രക്ഷിതാക്കളുമായും നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. ബോധവത്കരണ ഫലമായി എട്ട് കുട്ടികളുടെ രക്ഷിതാക്കള്‍ മക്കളെ വീണ്ടും സ്‌കൂളില്‍ ചേര്‍ക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അയിത്താചരണത്തിന് കേസ് വരുമെന്ന് ഭയമുള്ളതിനാല്‍ സ്‌കൂളിലെ അധ്യാപന നിലവാരം മോശമായതിനാലാണ് കുട്ടികളെ അവിടെ നിന്ന് മാറ്റുന്നതെന്നാണ് രക്ഷിതാക്കള്‍ അധികൃതര്‍ മുമ്പാകെ സ്വീകരിച്ച നിലപാട്. അയിത്താചരണമുണ്ടായതായി കണ്ടെത്തി പരാതി നല്‍കിയാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ്.പി കവിത പറഞ്ഞു.
ഔദ്യോഗിക ഉത്തരവുകളും ഭരണഘടനാ സംരക്ഷണവും ഉണ്ടായിരുന്നിട്ടും, ഗ്രാമീണ കര്‍ണാടകയില്‍ ആഴത്തില്‍ വേരൂന്നിയ സാമൂഹിക വിവേചനം തുടരുകയാണ്. സ്‌കൂള്‍ പാചകക്കാര്‍, അംഗന്‍വാടി ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയ പൊതുസേവന തസ്തികകളില്‍ നിയമിക്കപ്പെടുന്ന ദളിത് സ്ത്രീകള്‍ ഇതിന് ഇരയായിത്തീരുന്നത് പതിവാണ്. ബിദാറിലെ ബസവകല്യാണ്‍ താലൂക്കിലെ ഹത്യാല്‍ ഗ്രാമത്തില്‍ കുറച്ചു കാലം മുമ്പ് മിലാന ബായി എന്ന ദളിത് സ്ത്രീയെ അംഗന്‍വാടി സഹായിയായി നിയമിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന ജാതിക്കാരായ ഗ്രാമവാസികള്‍ അവരെ അംഗന്‍വാടിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. പകരം, മറാത്ത സമുദായത്തില്‍ നിന്നുള്ള ഒരു വളണ്ടിയറിയെ നിയമിക്കുകയും 10 കിലോമീറ്റര്‍ അകലെയുള്ള സിര്‍ഗാപൂര്‍ ഗ്രാമത്തിലേക്ക് സ്ഥലംമാറ്റം എടുക്കാന്‍ മിലാന ബായിയെ നിര്‍ബന്ധിതയാക്കുകയും ചെയ്തു.
ദൊഡ്ഡബല്ലാപൂര്‍ താലൂക്കിലെ മേലേക്കോട്ട് ഗ്രാമത്തിലും സമാനമായ ഒരു സംഭവമുണ്ടായി. അങ്കണവാടി അധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ച് മേലേക്കോട്ട് ഗ്രാമത്തിലേക്ക് സ്ഥലം മാറി വന്ന ആനന്ദമ്മ എന്ന ദളിത് അധ്യാപികയെ 10 മാസത്തേക്ക് ഗ്രാമവാസികള്‍ അവിടെ പ്രവേശനം നിഷേധിച്ചു. ഉദ്യോഗസ്ഥരുടെ നിരന്തരമായ ഇടപെടലിനു ശേഷമാണ് അവര്‍ക്ക് ചുമതലകള്‍ നിര്‍വഹിക്കാന്‍ അനുവാദം ലഭിച്ചത്. എന്നിട്ടും ബഹിഷ്‌കരണം തുടരുകയാണ്.
കൊടുമംഗലൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കൂളൂര്‍ നവഗ്രാമത്തില്‍, ദളിത് പാചക സഹായിയായ കെ.എ. ശാന്തയെ ജോലിക്ക് ഹാജരാകാന്‍ അനുവദിക്കാതെ അധ്യാപിക അഗന്‍വാടി പൂട്ടിയിട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കലാവതി എന്ന അധ്യാപിക അംഗന്‍വാടി പൂട്ടിയിട്ട ശേഷം അവധിയില്‍ പോകുകയായിരുന്നു.
ചിക്കബല്ലാപൂര്‍ താലൂക്കിലെ നക്കനഹള്ളിയില്‍ വനിതാ ശിശുക്ഷേമ വകുപ്പ് അംഗനവാടി ജീവനക്കാരിയായി നിയോഗിച്ച ദളിത് വിഭാഗത്തില്‍പ്പെട്ട മമതയെ ഉയര്‍ന്ന ജാതിക്കാരായ ഗ്രാമവാസികള്‍ അങ്കണവാടി കെട്ടിടത്തിന് ചുറ്റും മുള്ളുവേലി സ്ഥാപിച്ചാണ് കെട്ടിടത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞത്.