വാഷിംഗ്ടൺ: വിവിധ രാജ്യങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യങ്ങൾക്ക് ട്രംപ് അനുവദിച്ച സമയം അവസാനിച്ചതിന് പിന്നാലെയാണ് ഉത്തരവ് പ്രാബല്യത്തിലാകുന്നത്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ പങ്കാളികളുമായി വ്യാപാര കരാറുകൾ ഉറപ്പിക്കാണ ട്രംപിന് സാധിച്ചിരുന്നു. അതേസമയം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം തന്നെയാകും ഇറക്കുമതി തീരുവ. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ പാക്കിസ്ഥാനും ബംഗ്ലാദേശുമടക്കം അൻപതോളം രാജ്യങ്ങൾക്ക് കുറഞ്ഞ് തീരുവയാണ് ട്രംപ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
പത്ത് ശതമാനം മുതൽ 41 ശതമാനം വരെയാണ് വിവിധ രാജ്യങ്ങൾക്ക് പുതിയതായി അമേരിക്ക ഇറക്കുമതി തീരുവ നിശ്ചയിച്ചിരിക്കുന്നത്. സിറിയയ്ക്കാണ് ഏറ്റവും ഉയർന്ന തീരുവ നിശ്ചയിച്ചിരിക്കുന്നത്, 41 ശതമാനം. കാനഡയ്ക്ക് 35 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ് അതേസമയം പാക്കിസ്ഥാന് നേരത്തെ നിശ്ചയിച്ചിരുന്ന 29 ശതമാനത്തിൽ നിന്ന് പത്ത് ശതമാനം കുറച്ച് 19 ശതമാനമായി നിചപ്പെടുത്തി. ബംഗ്ലാദേശിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 20 ശതമാനം തീരുവയും ഈടാക്കും.
അമേരിക്കൻ വിപണിയിലെ നിരവധി എതിരാളികൾക്ക് യുഎസ് കുറഞ്ഞ താരിഫുകൾ നിശ്ചയിച്ചിട്ടുണ്ട്, ഇത് ഇന്ത്യൻ കയറ്റുമതിയെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് തൊഴിൽ-തീവ്രവും ഉയർന്ന മൂല്യമുള്ളതുമായ ഇലക്ട്രോണിക്സ് മേഖലകളിൽ. ഒരു വ്യാപാര കരാറില്ലാതെ പോലും, യുഎസിൽ മാത്രമല്ല, നിരവധി പാശ്ചാത്യ വിപണികളിലും റെഡിമെയ്ഡ് വസ്ത്ര (ആർഎംജി) വിഭാഗത്തിലെ പ്രധാന എതിരാളിയായ ബംഗ്ലാദേശിന് 20 ശതമാനം താരിഫ് യുഎസ് പ്രഖ്യാപിച്ചതിനെ ആശങ്കയോടെയാണ് ഇന്ത്യൻ വ്യാപാരികൾ കാണുന്നത്.
പാക്കിസ്ഥാനുമായി വ്യാപാര കരാറിലെത്താൻ അമേരിക്കയ്ക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുവ 19 ശതമാനത്തിലേക്ക് കുറഞ്ഞത്. പാകിസ്ഥാനിലെ വലിയ എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് പാകിസ്ഥാനും യുഎസും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ എണ്ണപാടങ്ങളിലാണ് ട്രംപ് നോട്ടമിട്ടിരിക്കുന്നതെന്ന് വിലയിരുത്തലും ശക്തമാണ്. വിയറ്റ്നാം 20 ശതമാനവും മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവ 19 ശതമാനം വീതവും, അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) രാജ്യങ്ങളാണ്. ഇവയ്ക്കും കുറഞ്ഞ താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്.