ആണവയുദ്ധത്തിനും തയ്യാർ; ഇന്ത്യക്കെതിര ഭീഷണിയുമായി പാക് സൈനിക മേധാവി

ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീർ രംഗത്ത്.  നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്നാണ് അസിം മുനീറിന്റെ പറയുന്നത്. ഫ്ലോറിഡയിൽ നടന്ന അത്താഴവിരുന്നിൽ സംസാരിക്കുകയായിരുന്നു പാക് സൈനിക മേധാവി അസിം മുനീർ.

പാകിസ്താൻ ഒരു ആണവ രാഷ്ട്രമാണെന്നും  ഇല്ലാതാകുമെന്നു തോന്നിയാൽ, ലോകത്തിന്റെ പകുതി ഭാഗത്തെയും  കൂടെ കൊണ്ടുപോകുമെന്നുമാണ് അസിം മുനീറിന്റെ വാക്കുകൾ. യുനൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡിന്റെ സ്ഥാനമൊഴിയുന്ന കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിൽ എത്തിയതായിരുന്നു അസിം മുനീർ.

സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിലെ 250 മില്യൻ ജനങ്ങളെ അപകടത്തിലാക്കിയേക്കുമെന്നും അസിം മുനീർ പറഞ്ഞു. ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ  കാത്തിരിക്കും. അതു നിർമിച്ച് കഴിയുമ്പോൾ 10 മിസൈൽ ഉപയോഗിച്ച് അത് തകർക്കുമെന്നും പറഞ്ഞ അസിം മുനീർ  സിന്ധു നദി ഒരിക്കലും ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ലെന്നും കൂട്ടിച്ചേർത്തു. 

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ തർക്കത്തിലാണ് സിന്ധുനദിജലക്കരാർ റദ്ദാക്കിയത്. പാകിസ്താനിലെ കാർഷിക മേഖല ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് സിന്ധു നദിയിൽ നിന്നുള്ള ജലത്തെയായിരുന്നു. ഇത് പുനസ്ഥാപിക്കാത്തതിൽ പാകിസ്താനിൽ വലിയ അസ്വാരസ്യങ്ങളുണ്ട്. അതിനിടെയാണ് പരസ്യ പ്രതികരണവുമായി സൈനിക മേധാവി തന്നെ രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *