പാക് ചലച്ചിത്ര താരം ഹുമൈറ അസ്ഗറിനെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമെന്ന് പൊലീസ്

പാകിസ്താൻ ചലച്ചിത്ര താരം ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ അപാർട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. എത്തിഹാദ് കൊമേഴ്സ്യ ഏരിയയിലെ അപാർട്ട്മെന്റിൽ ജീർണിച്ച അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവർ ഒറ്റക്കാണ് ഇവിടെ താമസിച്ചിരുന്നത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഏതാനും ദിവസങ്ങളായി ഇവിടെ നിന്ന് ആളനക്കം കേട്ടിരുന്നില്ലെന്നും അയൽക്കാർ പറയുന്നു.

പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരെങ്കിലും കയറിയതിന്റെ സൂചനകൾ പ്രാഥമികമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വിശദമായ പരിശോധനയ്ക്ക് ഫൊറൻസ് സംഘം എത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃത്യമായ പഴക്കം അറിയണമെങ്കിൽ ഫൊറൻസിക് പരിശോധന പൂർത്തിയാകണം.

അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വാതിൽ പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. മൃതദേഹം പോസ്റ്റഗ്രാജ്വേറ്റ് മെഡിക്കൽ സെന്ററിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ ഉച്ചോയെടെ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്നും അതുവരെ അഭ്യൂഹങ്ങൾ പറഞ്ഞു പരത്തരുതെന്നും പൊലീസ് നിർദേശം നൽകി. നിലവിൽ ദുരൂഹതയ്ക്ക് സാധ്യതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

Leave a Reply

Your email address will not be published. Required fields are marked *