ഡൽഹിയിൽ കനത്ത മഴ: നാല് വിമാനങ്ങൾ റദ്ദാക്കി; 130 ലധികം വിമാനങ്ങൾ വൈകി

ന്യൂഡൽഹി: ശനിയാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ ഡൽഹിയും പരിസര പ്രദേശങ്ങളും ദുരിതത്തിലായി. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. കനത്ത മഴയിൽ 130 ലധികം വിമാനങ്ങൾ വൈകിയതായും നാല് വിമാനങ്ങൾ റദ്ദാക്കിയതായും ഫ്ലൈറ്റ്റാഡാർ ഡാറ്റയിൽ പറയുന്നു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) തലസ്ഥാനം മുഴുവൻ റെഡ് അലേർട്ട് പ്രഖ്യാപിച്ചു, ദിവസം മുഴുവൻ മിതമായതോ കനത്തതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കിഴക്കൻ ഡൽഹിയിലും മധ്യ ഡൽഹിയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.

യാത്രക്കാർ അവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ യാത്ര സർവീസ് സംബന്ധിച്ച കാര്യങ്ങൾ സ്ഥിരീകരിക്കണമെന്ന് ഐജിഐ വിമാനത്താവളം നിർദ്ദേശിച്ചു. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ എക്സ് പ്ലാറ്റഫോമിൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ ഗതാഗതക്കുരുക്ക് കണക്കിലെടുക്കണമെന്നും അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടു.

കനത്ത മഴയോടൊപ്പം മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും ദൽഹി നിവാസികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച വൈകി ആരംഭിച്ച മഴ ശനിയാഴ്ച രാവിലെ വരെ അതേ തീവ്രതയോടെ തുടർന്നു, നിരവധി തുരങ്ക പാതകൾ വെള്ളത്തിലാവുകയും പ്രധാന റോഡുകൾ തടസ്സപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച, ദേശീയപാത 44 ലും ഹരിയാന അതിർത്തിക്ക് സമീപവും കനത്ത ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടു. അവധിയും കാലാവസ്ഥയും കണക്കിലെടുത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്.

വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലവിലുണ്ട്. ജൂൺ 20 മുതൽ ഹിമാചൽ പ്രദേശിൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 200-ലധികം പേർ മരിച്ചതായി സംസ്ഥാന അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *