ന്യൂഡൽഹി: ഇതുവരെ തുടർന്നു പോന്നിരുന്ന പരമ്പരാഗതമായ ദൗത്യങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒന്നായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂർ കനത്ത നാശമാണ് പാകിസ്ഥാന് വിതച്ചതെന്ന് പറഞ് അദ്ദേഹം വിവിധ മാര്‍ഗങ്ങളിലൂടെ ഈ പോരാട്ടത്തില്‍ വിജയിയായി സ്വയം ചിത്രീകരിക്കാനുള്ള പാകിസ്താന്റെ തന്ത്രത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. മദ്രാസ് ഐഐടിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉപേന്ദ്ര ദ്വിവേദി.
‘ഓപ്പറേഷന്‍ സിന്ദൂറിനായി രാഷ്ട്രീയ നേതൃത്വത്തില്‍നിന്ന് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. പഹൽഗാമിനുള്ള തിരിച്ചടിയിൽ എന്ത് ചെയ്യണമെന്ന് നിങ്ങൾ തീരുമാനിക്കു എന്നായിരുന്നു രാഷ്ട്രീയ നേതൃത്വം ഞങ്ങളോട് പറഞ്ഞത്. ശത്രുക്കളുടെ അടുത്ത നീക്കത്തെക്കുറിച്ച് സൈന്യത്തിന് ഉറപ്പില്ലാത്തതിനാല്‍ അത് ഒരു ചതുരംഗക്കളി പോലെയായിരുന്നുവെന്നും ഒടുവില്‍ ചെക്ക്‌മേറ്റ് നല്‍കി പാകിസ്താനെതിരേ ഇന്ത്യ വിജയം ഉറപ്പാക്കി.” ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
സ്വന്തം ജീവന്‍ നഷ്ടപ്പെടുമെന്ന ഭീഷണിക്കിടയിലും നമ്മള്‍ ശത്രുക്കളെ കൊല്ലാന്‍ ഇറങ്ങുകയായിരുന്നുവെന്നും അതാണ് ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ വിജയ വാദം പ്രഹസനവും കണ്ണിൽ പൊടിയിടൽ മാത്രമാണ്. കരസേനാ മേധാവി അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്താനുള്ള പാക് സർക്കാരിന്റെ നീക്കം തന്നെ പാകിസ്ഥാൻ സ്വയം വിജയിയായി പ്രഖ്യാപിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്റെ ആറ് വിമാനങ്ങൾ തകർത്തെന്ന് വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ.പി സിംഗ് ശനിയാഴ്ച സ്ഥിരീകരിച്ചിരുന്നു. അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവുമാണ് ഇന്ത്യൻ സേന തകർത്തത്. ഇതാദ്യമായാണ് വ്യോമസേന മേധാവി ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പ്രതികരിക്കുന്നത്. പാക്കിസ്ഥാന്റെ നാശനഷ്ടം സ്ഥിരീകരിക്കുന്നതും ഇതാദ്യമാണ്.
എസ്400 പ്രതിരോധ സംവിധാനം യുദ്ധവിമാനങ്ങളെ തകർക്കുന്നതിൽ വലിയ പങ്കുവഹിച്ചതായി എ.പി സിങ് വ്യക്തമാക്കി. “നമ്മുടെ രാജ്യത്തോട് ചെയ്തതിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ സൈന്യം ആക്രമിച്ചു. പാക്കിസ്ഥാൻ അവരുടെ ഡ്രോണുകൾ അടക്കം തിരിച്ചടിക്ക് ഉപയോഗിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.” എ.പി സിങ് കൂട്ടിച്ചേർത്തു. പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് 7നാണ് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചത്. പുലർച്ചെ നടത്തിയ ആക്രമണത്തിൽ 9 ഭീകര കേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യൻ സേനയ്ക്കായിരുന്നു.