ഓപ്പറേഷൻ സിന്ദൂർ: 5 പാക് യുദ്ധവിമാനങ്ങളടക്കം 6 വിമാനങ്ങൾ തകർത്തു, സ്ഥിരീകരിച്ച് വ്യോമസേന മേധാവി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്റെ ആറ് വിമാനങ്ങൾ തകർത്തെന്ന സ്ഥിരീകരിച്ച് വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ.പി സിംഗ്. അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവുമാണ് ഇന്ത്യൻ സേന തകർത്തത്. ഇതാദ്യമായാണ് വ്യോമസേന മേധാവി ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പ്രതികരിക്കുന്നത്. പാക്കിസ്ഥാന്റെ നാശനഷ്ടം സ്ഥിരീകരിക്കുന്നതും ഇതാദ്യമാണ്. 

എസ്400 പ്രതിരോധ സംവിധാനം യുദ്ധവിമാനങ്ങളെ തകർക്കുന്നതിൽ വലിയ പങ്കുവഹിച്ചതായി എ.പി സിങ് വ്യക്തമാക്കി. “നമ്മുടെ രാജ്യത്തോട് ചെയ്തതിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ സൈന്യം ആക്രമിച്ചു. പാക്കിസ്ഥാൻ അവരുടെ ഡ്രോണുകൾ അടക്കം തിരിച്ചടിക്ക് ഉപയോഗിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.” എ.പി സിങ് കൂട്ടിച്ചേർത്തു. 

പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് 7നാണ് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചത്. പുലർച്ചെ നടത്തിയ ആക്രമണത്തിൽ 9 ഭീകര കേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യൻ സേനയ്ക്കായിരുന്നു. 25 മിനിറ്റിൽ 24 ആക്രമണങ്ങളാണ് സൈന്യം നടത്തിയത്. പിറ്റേന്ന് 15 ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് പാക്ക് ആക്രമണമുണ്ടായെങ്കിലും അവയെല്ലാം പ്രതിരോധിച്ച ഇന്ത്യ കനത്ത തിരിച്ചടിയും നൽകി. 

ഏപ്രിൽ 22നാണ് രാജ്യത്തെയാകെ ഞെട്ടിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്ത പഹൽഗാം അക്രമണമുണ്ടാകുന്നത്. വിനോദസഞ്ചാരികൾക്കു നേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ വിദേശകളും ഉൾപ്പെട്ടിരുന്നു. 20 പേർക്കാണ് അക്രമണത്തിൽ പരുക്കേറ്റത്. സൈനിക വേഷത്തിലെത്തിയ ഭീകരരാണ് സാധാരണക്കാർക്കു നേരെ അക്രമണം അഴിച്ചുവിട്ടത്. 

Leave a Reply

Your email address will not be published. Required fields are marked *