ഓപ്പറേഷൻ സിന്ധു : സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ നാട്ടിലെത്തിയത് 67 പേർ

ഇറാനിൽ നിന്നും ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലയാളി അനന്ദു കൃഷ്ണൻ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇറാനിലേയും ഇസ്രയേലിലേയും സംഘർഷമേഖലയിൽ നിന്നും ജൂൺ 18 മുതൽ 26 വരെ സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ നാട്ടിലെത്തിയത് 67 പേർ.

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി
മടങ്ങിയെത്തുന്ന കേരളീയര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഡല്‍ഹി കേരള ഹൗസിലെ റസിഡന്‍റ് കമ്മിഷണര്‍ക്ക് ജൂൺ 18ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിൻ്റെ ഭാഗമായി അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് ഇവാക്വേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

ഇറാനിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ജൂൺ 21നാണ് ആദ്യ മലയാളി ഡൽഹിയിൽ എത്തിയത്.
ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും പാലം എയർപോർട്ടിലും എത്തിച്ചേർന്നവരെ നാട്ടിൽ വീടിന് സമീപമുളള എയർപോർട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് ദൗത്യ സംഘം കൈക്കൊണ്ടത്. കേരളത്തിലേക്ക് പോകുന്നതിനുള്ള വിമാനയാത്രാ ടിക്കറ്റും ഭക്ഷണവും വാഹന സൗകര്യവും ഒരുക്കിയാണ് ദൗത്യസംഘം സംഘര്‍ഷമേഖലയിൽ നിന്നും എത്തിച്ചേർന്നവരെ സ്വീകരിച്ചത്.

സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികളിലൂടെ കേരള ഹൗസ് മുഖേന ഡൽഹിയിൽ എത്തിച്ചേർന്നത് മൊത്തം 88 പേരാണ്. ഇതിൽ 21 പേർ ഇറാനിൽ നിന്നും 67 പേർ ഇസ്രയേലിൽ നിന്നുമായിരുന്നു. ഇറാനിൽ നിന്നെത്തിയ 17 പേരെയും ഇസ്രായേലിൽ നിന്നെത്തിയ 50 പേരെയുമുൾപ്പെടെ മൊത്തം 67 പേരെയാണ് സംസ്ഥാന സർക്കാരിന്റെ കരുതലിൽ കേരളത്തിലേയ്ക്ക് എത്തിച്ചത്. 21 പേർ സ്വന്തം നിലയിൽ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് മടങ്ങി.

ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇന്നലെ (26/06/2025) ഇറാനിൽ നിന്നും ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലയാളി അനന്ദു കൃഷ്ണൻ. ഇറാനിൽ എഞ്ചിനീയറായിരുന്നു. എറണാകുളം കോതമംഗലം സ്വദേശിയാണ്.

നോർക്ക ഡവലപ്പ്മെൻ്റ് ഓഫീസർ ഷാജിമോൻ ജെ., ലെയ്സൺ ഓഫീസർ രാഹുൽ കെ. ജയ്സ്വർ, പ്രോട്ടോക്കോൾ ഓഫീസർ റജികുമാർ ആർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജു ബി., റസിഡൻ്റ് എഞ്ചിനീയർ ഡെന്നീസ് രാജൻ, അസിസ്റ്റന്റ് എഞ്ചിനീയർമാരായ മുനവർ ജുമാൻ സി., ശ്രീഗേഷ് എൻ,നോർക്ക അസിസ്റ്റന്റ് ബിജോ ജോസ് ,
ലെയ്സൺ ഓഫീസർമാരായ ജയപ്രസാദ് എ., ജിതിൻരാജ് ടി.ഒ ., സച്ചിൻ എസ്, ജയരാജ് പി. നായർ, അനൂപ് വി., വിഷ്ണുരാജ് പി.ആർ., ടെലഫോൺ ഓപ്പറേറ്റർമാരായ സിബി ജോസ്, സുധീഷ് കുമാർ പി.എം., ജയേഷ് ആർ., ബിനോയ് തോമസ് എന്നിവരാണ് പ്രത്യേക ദൗത്യസംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *