ന്യൂഡൽഹി: ജമ്മു കശ്മീരിൽ മൂന്ന് പാക് ഭീകരരെ വധിച്ചെന്ന് സ്ഥിരീകരിച്ച് സൈന്യം. ശ്രീനഗറിലെ ദാര മേഖലയിൽ നടത്തിയ ഓപ്പറേഷൻ മഹാദേവിന്റെ ഭാഗമായാണ് മൂന്ന് സൈനികരെ വധിച്ചിരിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ഭീകരരും സൈന്യവും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. അതേസമയം, മരിച്ച ഭീകരർക്ക് പഹൽഗാം അക്രമണുവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മൂന്ന് ഭീകരരും പാകിസ്ഥാനികളും ലഷ്കർ-ഇ-തൊയ്ബയിൽ നിന്നുള്ളവരുമാണെന്നും ശ്രീനഗർ സീനിയർ പോലീസ് സൂപ്രണ്ട് ജി.വി. സുന്ദീപ് ചക്രവർത്തി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്തേക്ക് കൂടുതൽ സൈനികരെ അയച്ചതായും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യൻ സൈന്യത്തിനൊപ്പം, സിആർപിഎഫിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും ടീമുകളും ഓപ്പറേഷൻ മഹാദേവിൽ പങ്കാളികളാണ്. ഇതിന്റെ ഭാഗമായി നേരത്തെ തീവ്രവാദി നീക്കം തടയാനും സൈന്യത്തിന് സാധിച്ചിരുന്നു. സുരക്ഷ നിരീക്ഷണങ്ങളുടെ ഭാഗമായി പ്രദേശത്ത് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. സബർവാൻ ശ്രേണിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മഹാദേവ് പർവതത്തിന്റെ പേരിലാണ് ഈ ഓപ്പറേഷൻ അറിയപ്പെടുന്നത്.
ഏപ്രിൽ 22നാണ് രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം നടക്കുന്നത്. ഒരു മലയാളിയടക്കം 27 പേർ ഭീകരരുടെ അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ദക്ഷിണ കശ്മീരിൽ ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്വരയിലുണ്ടായ അക്രമണത്തിൽ ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാക്കിസ്ഥാനിലെ സുപ്രധാന ഭീകര കേന്ദ്രങ്ങളും ഇന്ത്യൻ സൈന്യം തകർത്തിരുന്നു.