തിരുവനന്തപുരം: ഓണത്തിനു എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് സബ്‌സിഡി നിരക്കിൽ സപ്ലൈകോയിലൂടെ രണ്ടു ലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ. സർക്കാർ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ഒരു റേഷൻ കാർഡിന് ഒരു ലീറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപ നിരക്കിൽ സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാർഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിനു സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുന്നുണ്ട്.
ഇതുപ്രകാരം ഓണത്തിന് ഒരു കാർഡുകാരന് സബ്‌സിഡി നിരക്കിൽ രണ്ടു ലീറ്റർ വെളിച്ചെണ്ണ ലഭിക്കുന്ന സ്ഥിതിയുണ്ടാകുമെന്നദ്ദേഹം പറഞ്ഞു. ഓണം പ്രമാണിച്ചു വിപണിയിലെത്തുന്ന മോശം വെളിച്ചെണ്ണ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു
ഈ മാസം വെളിച്ചെണ്ണ വിപണി വില അഞ്ഞൂറ് കടന്നിരുന്നു. നാളികേരത്തിന്റെ വിലയ്ക്ക് അനുസൃതമായി വെളിച്ചെണ്ണ വിലയും ഉയർന്നതാണ്. ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുമ്പോൾ, അവശ്യവസ്തുക്കളുടെ, പ്രത്യേകിച്ച് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുന്നത് കുടുംബങ്ങളെ ആശങ്കാകുലരാക്കുന്നു.
ഒരു വർഷം മുമ്പ് ലിറ്ററിന് 160 രൂപയോളം വിലയുണ്ടായിരുന്ന വെളിച്ചെണ്ണയുടെ വിലയാണ് ഇപ്പോൾ 500 രൂപ കടന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വെളിച്ചെണ്ണ ഉൽപ്പാദകരായ കേരഫെഡ് വെളിച്ചെണ്ണയുടെ വില ലിറ്ററിന് 529 രൂപയായി ഉയർത്തിയിരുന്നു.
അതേസമയം, വെളിച്ചെണ്ണ വില താങ്ങാനാവാതെ വന്നതോടെ നിലക്കടല എണ്ണ, പാം ഓയിൽ തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പന വർദ്ധിച്ചു. മായം ചേർത്ത വെളിച്ചെണ്ണ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിൽ വിപണിയിൽ വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഓണ വിപണി ലക്ഷ്യം വെച്ച് സർക്കാർ നടത്തുന്ന ശ്രമങ്ങൾ വെളിച്ചെണ്ണയുടെ വിപണി വില കുറയ്ക്കും എന്ന് തന്നെയാണ് പ്രതീക്ഷ.