കാലിഫോർണിയ : മൃഗസ്‌നേഹികൾ കാത്തിരിക്കുന്ന 2025 ലെ ലോക ഡോഗ് സർഫിംഗ് ചാമ്പ്യൻഷിപ്പിന് കാലിഫോർണിയയിൽ തുടക്കം കുറിക്കും. കാലിഫോർണിയയിലെ ലിൻഡ മാർ ബീച്ചിൽ നടക്കുന്ന രസകരമായ വേൾഡ് ഡോഗ് സർഫിംഗ് ചാമ്പ്യൻഷിപ്പുകൾ ഒരിടവേളക്ക് ശേഷം തിരിച്ചുവരവ് നടത്തുകയാണ്. ചാമ്പ്യൻഷിപ്പിൽ വിവിധ ഇനങ്ങളിലുള്ള നായ്ക്കൾ അവരുടെ സർഫ്ബോർഡുകളിൽ പസഫിക് തിരമാലകളെ നേരിടുന്ന കൗതുകമുണർത്തുന്ന കാഴ്ച കാണാം.
ലോക ഡോഗ് സർഫിംഗ് ചാമ്പ്യൻഷിപ്പ് അടുത്ത മാസം കാലിഫോർണിയയിൽ ആരംഭിക്കും.ഓഗസ്റ്റ് 2 ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന വാർഷിക മത്സരം സാൻ ഫ്രാൻസിസ്കോയ്ക്ക് പുറത്തുള്ള പസിഫിക്കയിലെ ലിൻഡ മാർ ബീച്ചിലാണ് നടക്കുന്നത്.
പരിചയസമ്പന്നരായ നായ സർഫർമാരെയും ആദ്യ തവണ മത്സരിക്കുന്നവരെയും പരിപാടിയുടെ സംഘാടകർ ക്ഷണിച്ചിട്ടുണ്ട്,”ലോകത്തിലെ മികച്ച നായ സർഫർമാരെയും അമച്വർമാരെയും വിജയിക്കുള്ള സ്വർണ്ണം വീട്ടിലേക്ക് കൊണ്ടുപോകാൻ ക്ഷണിക്കുന്നു.”എന്നാണ് മത്സരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രസ്താവിക്കുന്നത്.

പ്രധാന സർഫിംഗ് മത്സരത്തിന് പുറമേ, ഏകദിന പരിപാടിയിൽ നായ്ക്കൾക്കായുള്ള ബീച്ച് ഫാഷൻ ഷോ,നായ്ക്കളെ രക്ഷിക്കാൻ സഹായിക്കുന്ന ദത്തെടുക്കൽ ഡ്രൈവ് എന്നിവയുൾപ്പെടെ നിരവധി രസകരമായ പരിപാടികൾ ഉണ്ടായിരിക്കും. വർഷങ്ങളായി നടന്നിരുന്ന ചാമ്പ്യൻഷിപ്പ് ലോക ശ്രദ്ധ ആകർഷിച്ചിരുന്നു. നായ്ക്കൾ ആത്മവിശ്വാസത്തോടെ സർഫ്ബോർഡുകളിൽ നിന്ന് മനുഷ്യനെപ്പോലെ തിരമാലകളിലേക്ക് കയറുന്നത് മികച്ച കാഴ്ചകളിലൊന്നാണ്. പിറ്റ് ബുൾസ്, പഗ്ഗുകൾ, ലാബ്രഡോറുകൾ തുടങ്ങി എല്ലാ ഇനങ്ങളിലുമുള്ള നായ്ക്കളും മുൻകാല പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
വിശദമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിധിനിർണ്ണയ പ്രക്രിയ. നായയെ വിലയിരുത്തുമ്പോൾ റൈഡിന്റെ ദൈർഘ്യം, നായ സർഫ് ചെയ്യുന്ന തിരമാലയുടെ വലുപ്പം, അവയുടെ സാങ്കേതികത, ബോർഡിന്റെ സ്ഥിരത, സർഫിംഗ് സമയത്ത് അവയുടെ ആത്മവിശ്വാസം എന്നിവയെല്ലാം കണക്കിലെടുക്കും. റൈഡിനിടെ ചെയ്യുന്ന തന്ത്രങ്ങൾക്ക് അധിക പോയിന്റുകൾ നൽകും. ഓരോ റൗണ്ടിലും കഴിയുന്നത്ര തിരമാലകളെ പിടിക്കാനും സവാരി ചെയ്യാനും നായ്ക്കൾക്ക് പത്ത് മിനിറ്റ് സമയമുണ്ട്.
നായ്ക്കളുടെ ഭാരവും ഓരോ സർഫ്ബോർഡിലെയും മത്സരാർത്ഥികളുടെ എണ്ണവും കണക്കിലെടുത്ത് ഒന്നിലധികം വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. ചില വിഭാഗങ്ങളിൽ ഒന്നിലധികം നായ്ക്കളെ ഒരുമിച്ച് സർഫ് ചെയ്യാൻ അനുവദിക്കുന്നു, കൂടാതെ ഒരു നായയ്ക്കും മനുഷ്യനും ഒരേ ബോർഡിൽ സർഫ് ചെയ്യാൻ കഴിയുന്ന ഒരു പ്രത്യേക വിഭാഗവുമുണ്ട്. മത്സര സമയത്ത് നായ്ക്കളെ അവയുടെ സർഫ്ബോർഡുകളിൽ ലീഷുകൾ ഉപയോഗിച്ച് കെട്ടാൻ അനുവാദമില്ല. വെള്ളത്തിൽ അവരുടെ നായ്ക്കളെ സംരക്ഷിക്കുന്നതിന്, പങ്കെടുക്കുന്നവർ സ്വന്തം സർഫ്ബോർഡുകളും ലൈഫ് ജാക്കറ്റുകളും കൊണ്ടുവരണം.

തുടക്കത്തിൽ സ്മോൾ വേവ് സർഫ് ഡോഗ് കോമ്പറ്റീഷൻ എന്നറിയപ്പെട്ടിരുന്ന വേൾഡ് ഡോഗ് സർഫിംഗ് ചാമ്പ്യൻഷിപ്പ് 2006 മുതൽ ഒരു അന്താരാഷ്ട്ര ഇവന്റായി വികസിച്ചു. ജല കായിക വിനോദങ്ങളിലൂടെയും കമ്മ്യൂണിറ്റി പങ്കാളിത്തത്തിലൂടെയും നായ്ക്കളും അവയുടെ ഉടമസ്ഥരും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളമായ ആഘോഷങ്ങൾ ഇപ്പോൾ ഫ്ലോറിഡ, ഓസ്‌ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലും നടക്കുന്നുന്നുണ്ട്. 2025 പതിപ്പ് അടുക്കുമ്പോൾ കാലിഫോർണിയ തീരത്ത് നടക്കുന്ന ഈ രസകരവും ആഹ്ലാദകരവുമായ ഇവന്റിനായുള്ള ആവേശം കൂടുകയാണ്.