ഒഡീഷ: രാജ്യത്തെ സ്ത്രീയായി സങ്കൽപ്പിച്ചു ഭാരതാംബയെ വാഴ്ത്തുന്ന കാലത്തും ഇന്ത്യയിൽ ലൈംഗിക പീഡനത്തെ തുടർന്ന് കൊലചെയ്യപ്പെടുന്നതും ആത്മഹത്യ ചെയ്യുന്നതുമായ സ്ത്രീകളുടെ എണ്ണത്തിൽ ഒരു കുറവും സംഭവിക്കുന്നില്ല. ഏറ്റവും ഒടുവിലായി ഒഡീഷയിലെ എയിംസിൽ പ്രൊഫസറുടെ ലൈംഗിക പീഡനത്തെ തുടർന്ന് ശനിയാഴ്ച സ്വയം തീകൊളുത്തിയ കോളേജ് വിദ്യാർത്ഥിനി മൂന്ന് ദിവസത്തെ പോരാട്ടത്തിനൊടുവിൽ തിങ്കളാഴ്ച രാത്രി മരണത്തിന് കീഴടങ്ങി. ബാലസോറിലെ ഫക്കീർ മോഹൻ (ഓട്ടോണമസ്) കോളേജിലെ ഇന്റഗ്രേറ്റഡ് ബി.എഡ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് പ്രൊഫസറിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തതു. പെൺകുട്ടിക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. കേസിൽ ഫക്കീർ മോഹൻ (ഓട്ടോണമസ്) കോളേജ് പ്രിൻസിപ്പൽ ദിലീപ് ഘോഷ്, വിദ്യാഭ്യാസ വകുപ്പ് മേധാവി സമീറ കുമാർ സാഹു എന്നിവരെ അറസ്റ്റ് ചെയ്തു.
ഇന്ത്യയിൽ സ്ത്രീ സുരക്ഷ സ്ത്രീകളുടെ മാത്രം പ്രശ്നമായി മാറിയിരിക്കുന്നു എന്ന രീതിയിലാണ് മനസിലാക്കേണ്ടത്. സ്വന്തം വീട്ടിലെ നാലുചുവരുകൾക്കുള്ളിൽ പോലും സുരക്ഷിതരാവാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുഞ്ഞുങ്ങളെന്നോ വയോധികരെന്നോ വ്യത്യാസമില്ലാതെ രാജ്യത്തു ഓരോ മിനിട്ടിലും പീഡനങ്ങൾ നടക്കുന്നു. രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും പുരുഷനൊപ്പം സംഭാവന ചെയ്യുന്ന സ്ത്രീസമൂഹം ഇന്ത്യയിൽ ഭയപ്പാടോടെ ജീവിക്കുന്നു. രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ക്രമാതീതമായി വർദ്ധിക്കുന്നു എന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്.
2012ൽ ഡൽഹി കൂട്ടബലാത്സംഗത്തിന് ശേഷമാണ് ഇത്തരം കേസുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയത്. 2012ൽ എൻസിഇആർടി നടത്തിയ പഠനത്തിൽ ഇന്ത്യയിലുടനീളം പ്രതിവർഷം 25000 ബലാത്സംഗക്കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് 30,000 കവിഞ്ഞു 2016 ൽ അത് 39,000 കേസുകളായി. 2012 നു ശേഷം പീഡനക്കേസുകളിൽ വൻ വാർത്ത പ്രാധാന്യം ഉണ്ടാവുകയും ശിക്ഷനടപടികൾ കൂടുതൽ കഠിനമാക്കുകയും ചെയ്തിട്ടും രാജ്യത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ കുറവുണ്ടായില്ല എന്നത് ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.2018 ൽ ഓരോ 16 മിനിറ്റിലും ശരാശരി ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നതായിരുന്നു കണക്കുകൾ.
മറ്റൊരു ശ്രദ്ധേയമായ കാര്യം കോവിഡ് മഹാമാരി ആഞ്ഞടിച്ച 2020ൽ സ്ത്രീകൾക്കെതിരായ ആക്രമണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു എന്നതാണ്. ഇത് കാര്യമായ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് 2022 മുതൽ വീണ്ടും കൂടി 31000 മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 12 വയസ്സിനു താഴെയുള്ള ഇരകൾ ഉൾപ്പെടുന്ന കേസിൽ 10 വർഷം ജീവപര്യന്തമോ വധശിക്ഷയോ ഉൾപ്പെടെ ശിക്ഷ വർധിപ്പിച്ചിട്ടും രാജ്യത്തു കുട്ടികൾക്കെതിരായ അതിക്രമത്തിനു ഒരു കുറവും സംഭവിച്ചിട്ടില്ല. 2018 മുതൽ 2022 വരെ ബലാത്സംഗക്കേസുകളിലെ ശിക്ഷാ നിരക്ക് വെറും 28 ശതമാനം മാത്രമാണ്. 2025 ൽ എത്തി നിൽക്കുമ്പോഴും സാഹചര്യങ്ങൾക്കോ കണക്കുകൾക്കോ മാറ്റമില്ല എന്നതും ചിന്തിക്കേണ്ടതാണ്.
2012 ഡിസംബർ 16ന് സിനിമകണ്ട് സുഹൃത്തിനോടൊപ്പം മടങ്ങിയ 23കാരി ബസിൽ വച്ച് പീഡിപ്പിക്കപ്പെട്ടു. 2017 ജൂൺ നാലിന് ഉത്തർപ്രദേശിലെ ഉന്നാവോയിൽ 17 വയസ്സുകാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു .2018 ജനുവരിയിലായിരുന്നു രാജ്യവ്യാപക പ്രതിഷേധത്തിനു ഇടയാക്കിയ കത്വ കൂട്ടബലാൽസംഗം. എട്ടു വയസ്സുള്ള പെൺകുട്ടിയെ എട്ടംഗ സംഘം തട്ടികൊണ്ടുപോയി ക്ഷേത്രത്തിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. 2019 ഹൈദരാബാദിൽ 27 വയസ്സുള്ള വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്നു. 2020ൽ ഉത്തർപ്രദേശിൽ 19 വയസ്സുള്ള പെൺകുട്ടിയുടെ കൂട്ടബലാൽസംഗം. കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ട്രെയിനിംഗ് ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം.അവസാനമായി ഒഡിഷയിലെ വിദ്യാർത്ഥിനി അപമാനിതയായി തീ കൊളുത്തി മരിച്ച സംഭവം. ഇതെല്ലാം പുറം ലോകം അറിഞ്ഞ വാർത്തകൾ മാത്രം. വീടിനുള്ളിലും പുറത്തും സ്ത്രീകൾ സുരക്ഷിതരാവാൻ പഴുതടച്ചുള്ള നിയമസംവിധാനങ്ങൾക്കൊപ്പം സമൂഹത്തിന്റെ കാഴ്ചപ്പാടിലും അനിവാര്യമായ മാറ്റം ആവശ്യമാണ്.