ഇടയ്ക്കിടെയുള്ള തലകറക്കം അവഗണിക്കരുതേ, ഈ രോഗത്തിന്റെ ലക്ഷണമാകാം

കൊച്ചി: പെട്ടെന്ന് എഴുന്നേൽക്കുമ്പോഴും ചിലപ്പോൾ തലയൊന്ന് വെട്ടിക്കുമ്പോഴും തല കറങ്ങുന്നതായി തോന്നാറുണ്ടോ?. ഇത് നിസാരമെന്നു കരുതി വിട്ടുകളയാതെ ഒരു രോഗലക്ഷണമാണെന്ന് അറിയുക. വെർട്ടിഗോ എന്നാണ് ഈ രോഗലക്ഷണത്തെ പറയുന്നത്. ഈ രോഗലക്ഷണത്തെ തലക്കനമായോ അല്ലെങ്കിൽ പൊതുവായ ക്ഷീണമായോ തെറ്റിദ്ധരിക്കുന്ന ധാരാളം ആളുകളുണ്ട്. വെർട്ടിഗോ എന്ന രോഗലക്ഷണത്തെക്കുറിച്ച് വിശദമായി അറിയാം.

എന്താണ് വെർട്ടിഗോ?

ആന്തരിക കർണത്തിലോ കർണത്തിൽനിന്ന്​ മസ്​തിഷ്​കത്തിലേക്കുള്ള ഞരമ്പുകളിലോ തകരാറുകൾ സംഭവിക്കുന്നതുമൂലമുണ്ടാവുന്ന ശരീരത്തി​ന്റെ സന്തുലിതാവസ്ഥ​ നഷ്​ടമാവുന്നതിനെയാണ്​ ​പൊതുവിൽ വെർട്ടിഗോ എന്നു പറയുന്നത്.

വെർട്ടിഗോയുടെ ലക്ഷണങ്ങൾ

നിങ്ങളോ നിങ്ങളുടെ ചുറ്റുപാടുകളോ ചലിക്കുന്നില്ലെങ്കിൽ പോലും കറങ്ങുന്നതായോ, ആടുന്നതായോ തോന്നുന്ന അവസ്ഥയാണ് വെർട്ടിഗോ. കുറച്ച് മിനിറ്റുകൾ മുതൽ മണിക്കൂറുകൾവരെ ഈ അവസ്ഥ നീണ്ടുനിന്നേക്കാം. ഉറക്കം എഴുന്നേൽക്കുമ്പോൾ തല ചുറ്റുക, ദീർഘനേരം നിൽക്കുമ്പോൾ തലയ്‌ക്കുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുക, കണ്ണിൽ ഇരുട്ട് നിറയുന്നത് പോലെ തോന്നുക, തലകറക്കത്തോടൊപ്പം ഛർദ്ദിയും മനംപിരട്ടലും അനുഭവപ്പെടുക, ശരീരം ഒരു വശത്തേക്ക് ചെരിയുക, തലയ്‌ക്കുള്ളിൽ മന്ദത അനുഭവപ്പെടുക എന്നിവയാണ് വെർട്ടിഗോയുടെ ലക്ഷണങ്ങൾ.

എന്താണ് വെർട്ടിഗോയുടെ കാരണങ്ങൾ

ചെവി സംബന്ധമായ കാരണങ്ങൾ കൊണ്ടും തലച്ചോറ് സംബന്ധമായ കാരണങ്ങൾ കൊണ്ടും വെർട്ടിഗോ ഉണ്ടാകാറുണ്ട്. ബെനിൻ പ്രോക്സിമൽ പൊസിഷൻ വെർട്ടിഗോ (ബി.പി.പി.വി), വെസ്റ്റിബുലാർ ന്യൂറൈറ്റിസ് അല്ലെങ്കിൽ ലാബിരിന്തിറ്റിസ്, മെനിയേഴ്സ് രോഗം എന്നിവയാണ് ചെവി സംബന്ധമായ കാരണങ്ങൾ. ചെവിയിലെ പരുക്ക്, അണുബാധകൾ, അല്ലെങ്കിൽ ശസ്ത്രക്രിയകൾ എന്നിവ കൊണ്ടും തലകറക്കം സംഭവിക്കാം.

സ്ട്രോക്ക്, ബ്രെയിൻ ട്യൂമറുകൾ, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, മൈഗ്രേൻ സംബന്ധമായ വെർട്ടിഗോ എന്നിവയാണ് തലച്ചോറ് സംബന്ധമായ കാരണങ്ങൾ. ചെവിയുടെ കാരണങ്ങളേക്കാൾ ഗുരുതരമാണിത്. തലവേദന അല്ലെങ്കിൽ കാഴ്ച പ്രശ്നങ്ങളും ചിലരിൽ കാണാറുണ്ട്. പലരും വെർട്ടിഗോയെ അവഗണിക്കുകയോ സ്വയം ചികിത്സിക്കുകയോ ചെയ്യാറുണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തും. അതിനാൽ, വെർട്ടിഗോ ലക്ഷണം തിരിച്ചറിഞ്ഞാൽ ഉടൻതന്നെ ഒരു ഇഎൻടി സ്പെഷ്യലിസ്റ്റിനെയോ ന്യൂറോളജിസ്റ്റിനെയോ കാണുക.

ചികിത്സകൾ

ബി.പി.പി.വിക്ക് എപ്ലി മാനുവർ പോലുള്ള റീപൊസിഷനിങ് തന്ത്രങ്ങൾ ഫലപ്രദമാണ്. വെസ്റ്റിബുലാർ ന്യൂറൈറ്റിസിന് സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത് സഹായിക്കും. ഉപ്പ് കുറച്ചുള്ള ഭക്ഷണം, ഡൈയൂററ്റിക്സ് മരുന്നുകൾ ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയിലൂടെ മെനിയേഴ്സ് ഒരുപരിധിവരെ നിയന്ത്രിക്കാനാകും. വെസ്റ്റിബുലാർ റീഹാബിലിറ്റേഷൻ തെറാപ്പി വെർട്ടിഗോ തുടർച്ചയായി ഉണ്ടാകുന്നവർക്ക് വളരെ സഹായകമാണ്.

ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

‘വെർട്ടിഗോ’ എന്ന അവസ്ഥ പൊതുവെ ഗുരുതരമായ ഒരു ആരോഗ്യപ്രശ്​നമായി പരിഗണിക്കുന്നില്ല. എന്നാൽ, കാലക്രമേണ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയുള്ളതിനാൽ രോഗലക്ഷണങ്ങൾ കണ്ടയുടൻതന്നെ ചികിത്സ തേടുന്നതാണ്​ ഉത്തമം. ആവശ്യത്തിന് വെള്ളം കുടിക്കുക, പെട്ടെന്ന് എഴുന്നേൽക്കുക, തല വെട്ടിക്കുക ഇവയൊക്കെ ഒഴിവാക്കുക, കഫീൻ, മദ്യം എന്നിവ ഒഴിവാക്കുക, എപ്പോഴും സജീവമായിരിക്കുക തുടങ്ങി ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതും ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *