കൊച്ചി: വഞ്ചന കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിയ്ക്കും സംവിധായകൻ എബ്രിഡ് ഷൈനിനും പോലീസ് നോട്ടീസ് അയച്ചു. തലയോലപ്പറമ്പ് പോലീസ് ആണ് നോട്ടീസ് അയച്ചത്. ഇരുവരെയും ഈയാഴ്ച പോലീസ് ചോദ്യം ചെയ്യും. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാനും നിർദ്ദേശമുണ്ട്.
നിവിൻ പോളി നായകനായ മഹാവീരർ എന്ന ചിത്രത്തിന്റെ സഹ നിർമാതാവായ പി.എം ഷംനാസ് നൽകിയപരാതിയിലാണ് നിവിൻ പോളിയ്ക്കും എബ്രിഡ് ഷൈനിനുമെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തിട്ടുള്ളത്. കേസിൽ നിവിൻ പോളി ഒന്നാം പ്രതിയും എബ്രിഡ് ഷൈൻ രണ്ടാം പ്രതിയുമാണ്.
‘ആക്ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ നിർമാണ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഷംനാസിൽനിന്നും പണം വാങ്ങിയെന്നും പിന്നീട് അക്കാര്യം മറച്ചുവച്ച് ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരാൾക്കു നൽകിയെന്നുമാണ് പരാതി. നിവിനും എബ്രിഡ് ഷൈനിനുമെതിരെ കേസെടുക്കാൻ തലയോലപ്പറമ്പ് പോലീസിന് വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് 406,420,34 വകുപ്പുകൾ പ്രകാരം ജാമ്യം ഇല്ലാ വകുപ്പിൽ കേസെടുത്തത്.
മഹാവീര്യർ പരാജയപ്പെട്ടപ്പോൾ നിവിൻ പോളി 95 ലക്ഷം രൂപ ഷംനാസിന് നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു രണ്ടിൽ നിർമ്മാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നൽകിയിരുന്നത് ആയാണ് പരാതി. തുടർന്ന് 2024 ഏപ്രിലിൽ സിനിമയുടെ നിർമ്മാണത്തിനായി 1.9 കോടി രൂപ കൈമാറിയെന്നും ഷംനാസ് പറയുന്നു.
പിന്നീട് കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സിന് കത്ത് നൽകിയശേഷം സിനിമയുടെ ടൈറ്റിൽ പ്രൊഡക്ഷന്റെ ബാനറിൽ നിന്ന് പി.എസ് ഷംനാസിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ സിനിമയുടെ ബജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് ഷംനാസുമായുള്ള കരാർ മറച്ചുവെച്ച് ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണാവകാശം കൈമാറി എന്ന് പരാതിയിൽ പറയുന്നു.
നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയേഴ്സിനാണ് സിനിമയിൽ അവകാശമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇതെന്നും ദുബായിലെ കമ്പനിക്ക് അഞ്ചു കോടി രൂപയ്ക്കാണ് ഓവർസീസ് വിതരണാവകാശം നൽകിയതെന്നും ഇതിൽ രണ്ടു കോടി രൂപ അഡ്വാൻസായി വാങ്ങിയെന്നും ഷംനാസിന്റെ പരാതിയിൽ പറയുന്നു. അതേസമയം കേസിൽ വിശദീകരണവുമായി നടൻ നിവിൻ പോളിയും രംഗത്ത് എത്തിയിരുന്നു. കാര്യങ്ങളെ വളച്ചൊടിച്ചുവെന്നും നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും നിവിൻപോളി വ്യക്തമാക്കിയിരുന്നു.