സമൂസ ആരോഗ്യത്തിനു ഹാനികരം ; ലേബൽ ഉണ്ടാവില്ല, ഉപദേശം മാത്രമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡൽഹി :പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി എണ്ണ – മധുര പലഹാരങ്ങൾക്ക് ഇനി പൊതു ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും എന്ന പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ജനപ്രിയ ഇന്ത്യൻ ലഘുഭക്ഷണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ പതിക്കാൻ പദ്ധതിയില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .

ആരോഗ്യ രംഗത്തെ സമീപകാല നിർദേശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ തെരുവ് ഭക്ഷണത്തെയോ പരമ്പരാഗത ലഘുഭക്ഷണങ്ങളെയോ ഒരു തരത്തിലും ലക്ഷ്യം വയ്ക്കുന്നില്ലെന്നും കേന്ദ്രം പ്രസ്താവിച്ചു.

തെരുവ് കച്ചവടക്കാർ വിൽക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് ലേബലിംഗ് മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിട്ടില്ല.പകരം ജോലിസ്ഥലങ്ങളിലും മറ്റും ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പൊതു ഉപദേശം പുറത്തിറക്കിയിട്ടുണ്ട് എന്ന് സർക്കാർ പറയുന്നു. ലോബികൾ, കാന്റീനുകൾ, കഫറ്റീരിയകൾ, മീറ്റിംഗ് റൂമുകൾ തുടങ്ങിയ പൊതുവായ ഓഫീസ് ഏരിയകളിൽ ആരോഗ്യ പരിപാലന നിർദേശ ബോർഡുകൾ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.

ഇന്ത്യൻ ലഘുഭക്ഷണങ്ങളിൽ മാത്രം ഒതുങ്ങാതെ, വിവിധ ഭക്ഷണങ്ങളിൽ സാധാരണയായി കാണപ്പെടുന്ന പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അമിത ഉപഭോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ബോർഡുകൾകൊണ്ട് ഉദ്ദേശിക്കുന്നത്. സർക്കാർ ഇന്ത്യൻ ലഘുഭക്ഷണങ്ങളെ നോട്ടമിട്ടിട്ടില്ലെന്നും ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ബാധിക്കില്ലെന്നുമാണ് കേന്ദ്രം പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോ പ്രത്യേക പാചകരീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ പകരം, ചെറുതും സ്ഥിരവുമായ ചില നടപടികളിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് മന്ത്രാലയം വ്യക്തമാക്കി. പരമ്പരാഗത പാചക രീതികൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.2050 ആകുമ്പോഴേക്കും 44.9 കോടിയിലധികം ഇന്ത്യക്കാർ അമിതവണ്ണം ഉള്ളവരായി മാറുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ചെറിയ നടത്തം, ലിഫ്റ്റുകൾക്ക് പകരം പടികൾ ഉപയോഗിക്കുക, ദിവസേനയുള്ള ഭക്ഷണത്തിൽ കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തുക തുടങ്ങിയ ശുപാർശകൾ ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന പരിപാടിയായ നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് നോൺ-കമ്മ്യൂണിക്കബിൾ ഡിസീസസ് (NP-NCD) വഴി പുതിയ നിർദേശങ്ങൾ നടപ്പിലാക്കും. പഞ്ചസാര, എണ്ണ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ അമിത ഉപഭോഗം മൂലമുണ്ടാകുന്ന പൊണ്ണത്തടി, പ്രമേഹം, രക്താതിമർദ്ദം എന്നിവയുൾപ്പെടെയുള്ള ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ വർദ്ധനവ് തടയുക എന്നതാണ് ലക്‌ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *