ഭാരതാംബമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിളിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി രാജ്ഭവന്. കേരളാ പൊലീസില്‍ ഗവര്‍ണര്‍ക്കു പൂര്‍ണ വിശ്വാസമുണ്ടെന്നു രാജ്ഭവന് അറിയിച്ചതോടെ പ്രതിഷേധമുണ്ടായാല്‍ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം പൂര്‍ണമായും കേരള പൊലീസിനായി. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം അതിരുവിട്ടാല്‍ ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് മറുപടി പറയേണ്ട സാഹചര്യവുമുണ്ട്.
കേരള ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും സെഡ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറായിരിക്കെ പ്രതിഷേധങ്ങളെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നു. സര്‍ക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ പോര് മുറുകിയതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കാര്‍ തടഞ്ഞു. കൊല്ലത്തെ പരിപാടിക്കിടെ നിലമേലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞതോടെ ഗവര്‍ണര്‍ റോഡരികില്‍ കസേരയിട്ട് ഇരുന്ന് പ്രതിഷേധിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ക്ക് കേന്ദ്രം സിആര്‍പിഎഫ് സുരക്ഷ നല്‍കുകയായിരുന്നു. അതോടെ സുരക്ഷയുടെ ഉത്തരവാദിത്തം പ്രധാനമായും സിആര്‍പിഎഫില്‍ കേന്ദ്രീകരിച്ചു. ആരിഫ് മുഹമ്മദ് ഖാന് മാറി രാജേന്ദ്ര അര്‍ലേക്കര്‍ വന്നതോടെ സിആര്‍പിഎഫ് സുരക്ഷ വേണ്ടെന്നുവയ്ക്കുകയും കേരള പൊലീസിന് വീണ്ടും സുരക്ഷാ ചുമതല ഏറ്റെടുക്കുകയുമായിരുന്നു.
കേരളാ പൊലീസിന്റെ കഴിവിലും പ്രതിബദ്ധതയിലും പൂര്‍ണവിശ്വാസമാണ് ഗവര്‍ണര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളാ പൊലീസിന്റെ നിലവിലെ പ്രവര്‍ത്തനത്തില്‍ പൂര്ണതൃപ്തിയാണെന്ന് ഗവര്‍ണര്‍ പറയുന്നു. ഗവര്‍ണര്‍ക്ക് നേരിട്ടോ അല്ലാതെയോ ഏതെങ്കിലും ഭീഷണിയുള്ളതായി തോനുന്നില്ലെന്നും രാജ്ഭവന് വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ചു പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍നിന്നു രാജ്ഭവന് വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു.