തിരുവനന്തപുരം: സിനിമ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ കേസെടുക്കില്ല. എസ്.സി, എസ്.ടി പരാമർശമില്ല എന്ന കാരണം ചൂണ്ടികാണിച്ച് പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പട്ടികജാതി, പട്ടിക വർഗ്ഗക്കാരെ പ്രസംഗത്തിൽ അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയതായി പൊലീസിന് ലഭിച്ച നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.
എസ്.സി, എസ്.ടി വിഭാഗത്തിലെ ആളുകൾ ധാർമികതയും സത്യസന്ധതയും ഇല്ലാത്തവരാണെന്നുള്ള ചിന്തയാണ് അടൂരിന്റെ പ്രസ്താവനയിലൂടെ ഉണ്ടാക്കുന്നതെന്ന് ചൂണ്ടികാട്ടി സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശം എസ്.സി – എസ്.ടി ആക്ട് പ്രകാരം കുറ്റകരമാണെന്നും കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സംഭവത്തിൽ എസ്.സി – എസ്.ടി കമ്മീഷനിലും പരാതി നൽകിയിരുന്നു.
അതേസമയം, അടൂരിനെതിരെ വനിതാ കമ്മീഷനിലും പരാതി ലഭിച്ചിട്ടുണ്ട്. ഡബ്ല്യുസിസി, ദിശ, അന്വേഷി ഉൾപ്പെടെയുള്ള സംഘടനകളാണ് അടൂരിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ പരാതി നൽകിയിരിക്കുന്നത്. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സിനിമാ കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ ഗായിക പുഷ്പവതിയെ അധിക്ഷേപിച്ചെന്നും ഇത് സ്ത്രീ വിരുദ്ധമാണെന്നും അതിനാൽ സർക്കാർ പരിപാടികളിൽ നിന്ന് അടൂരിനെ മാറ്റിനിർത്തണമെന്നും പരാതിയിൽ പറയുന്നു.
സ്ത്രീകൾക്കും പട്ടികജാതി വിഭാഗത്തില്‍നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണം. ചലച്ചിത്ര കോര്‍പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നുമാണ് അടൂർ നടത്തിയ വിവാദ പരാമർശം.