ന്യൂഡൽഹി: ഡൽഹിയിൽ പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഉടമകൾക്കെതിരെ നിർബന്ധിത നടപടി സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെയും പതിനഞ്ച് വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും ഉടമകൾക്കെതിരെ നടപടി എടുക്കരുതെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി, ജസ്റ്റിസുമാരായ വിനോദ് കെ ചന്ദ്രൻ, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ വിഷയത്തിൽ വാദം കേട്ടപ്പോൾ ഡൽഹി സർക്കാർ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിലും ബെഞ്ച് നോട്ടീസ് അയച്ചു.
“ഇഷ്യൂ നോട്ടീസ് 4 ആഴ്ചയ്ക്കുള്ളിൽ തിരികെ നൽകും. അതേസമയം, ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവും പഴക്കമുണ്ടെന്ന് പറഞ്ഞ് കാറുകളുടെ ഉടമകൾക്കെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കാൻ പാടില്ല,” ബെഞ്ച് ഇടക്കാല ഉത്തരവിൽ പറഞ്ഞു. സുപ്രീം കോടതിയുടെ ഈ വിധി ഡൽഹിയിലെ ഉടമകൾക്ക് വലിയ ആശ്വാസമാണ്.
ജൂലൈയിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള സർക്കാർ “പഴയ വാഹനങ്ങൾക്ക് ഇന്ധനമില്ല” എന്ന നയം നടപ്പിലാക്കിയിരുന്നു. എന്നാൽ പൊതുജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ തന്നെ നയം താൽക്കാലികമായി നിർത്തിവച്ച സാഹചര്യമായിരുന്നു.