വില 100 കോടി, ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാറിന്റെ ഉടമയായി നിത അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും ആഡംബര ജീവിതം എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതാണ്. എന്നാൽ, ഇത്തവണ വാർത്താ താരമായത് മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയർപേഴ്‌സണുമായ നിത അംബാനിയാണ്. രാജ്യത്തെ ഏറ്റവും വിലകൂടിയ കാറായ ഔഡി എ9 ചാമിലിയൻ സ്വന്തമാക്കിയിരിക്കുകയാണ് നിത. ഏകദേശം 100 കോടിയാണ് കാറിന്റെ വില.

ലോകത്ത് ആകെ 11 യൂണിറ്റുകൾ മാത്രം വിറ്റഴിക്കപ്പെട്ട കാർ, ലോകത്തിലെ തന്നെ ഏറ്റവും അപൂർവമായ കാറുകളിലൊന്നാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ കാറാണിത്. സ്പാനിഷ് ഡിസൈനര്‍ ഡാനിയല്‍ ഗാര്‍സിയാണ് കാര്‍ രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു ബട്ടൺ അമർത്തിയാൽ കാറിന്റെ നിറം മാറ്റാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇലക്ട്രോണിക് പെയിന്റ് സാങ്കേതികവിദ്യയിലൂടെയാണ് ഇത് സാധ്യമായിരിക്കുന്നത്. ഈ ടെക്നോളജി ഉപയോഗിച്ച് ഡ്രൈവർക്ക് തന്റെ ഇഷ്ടത്തിന് അനുസരിച്ച് കാറിന്റെ ബോഡിയുടെ നിറം മാറ്റാൻ സാധിക്കും.

സിംഗിള്‍-പീസ് വിന്‍ഡ്സ്‌ക്രീനും, മേല്‍ക്കൂരയുമാണ് കാറിന്റെ മറ്റൊരു പ്രത്യേകത. രണ്ട് ഡോര്‍ മോഡലിന് ഏകദേശം അഞ്ച് മീറ്റര്‍ നീളമുണ്ട്. 4.0 ലിറ്റര്‍ വി8 എന്‍ജിനാണ് ഔഡി എ9 ചാമിലിയലിനുള്ളത്. 600 എച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. മൂന്നര സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

അംബാനി കുടുംബത്തിന്റെ പക്കല്‍ ആഡംബര വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. നിത അംബാനിയുടെ ആഡംബര കാർ ശേഖരത്തിൽ റോൾസ് റോയ്‌സ് ഫാന്റം VIII EWB, മെഴ്‌സിഡസ്-മേബാക്ക് എസ്600 ഗാർഡ്, ഫെരാരി 812 സൂപ്പർഫാസ്റ്റ്, ബെന്റ്‌ലി കോണ്ടിനെന്റൽ ഫ്ലൈയിങ് സ്‌പർ, റോൾസ് റോയ്‌സ് കള്ളിനൻ, ബിഎംഡബ്ല്യൂ 7 സീരീസ് 760 സെക്യൂരിറ്റി (2004 മോഡൽ) എന്നിവ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മുകേഷ് അംബാനിക്കും വലിയൊരു ആഡംബര കാർ ശേഖരം തന്നെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *