ആദായ നികുതി ബിൽ പിൻവലിച്ച് കേന്ദ്രം; പുതിയ ബിൽ ഓ​ഗസ്റ്റ് 11ന്

ഡൽ​ഹി: ലോക് സഭയിൽ 2025 ആദായ നികുതി ബിൽ വെള്ളിയാഴ്ച ധനമന്ത്രി നിർമല സീതാരാമൻ പിൻവലിച്ചു. പുതുക്കിയ ബിൽ ഓ​ഗസ്റ്റ് 11ന് അവതരിപ്പിക്കും. സെലക്റ്റ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി മാറ്റങ്ങൾ വരുത്തിയ ബില്ലായിരിക്കും അവതരിപ്പിക്കുക. ബില്ലിന്റെ ഒന്നിലധികം പതിപ്പുകൾ കാരണം ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും നിർദ്ദേശിച്ച മാറ്റങ്ങൾ എല്ലാം ഉൾപ്പെടുത്തി വ്യക്തവും പുതുക്കിയതുമായ ഒരു പതിപ്പ് നൽകുന്നതിനാണ് പിൻവലിക്കുന്നത് എന്നും ബില്ലിന്റെ പുതിയ പതിപ്പ് തിങ്കളാഴ്ച സഭയുടെ പരിഗണനയ്ക്കായി അവതരിപ്പിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.

ഫെബ്രുവരി 13ന് അവതരിപ്പിച്ച ബില്ലിൽ ബൈജയന്ത് പാണ്ട അധ്യക്ഷനായ 31 അം​ഗ സെലക്റ്റ് കമ്മിറ്റി നിരവധി മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. പുതിയ  നിയമത്തിൽ മത-ചാരിറ്റബിൾ ട്രസ്റ്റുകൾക്ക് നൽകുന്ന അജ്ഞാത സംഭാവനകൾക്ക് നികുതി ഇളവ് തുടരുന്നതിനെ കമ്മിറ്റി അനുകൂലിച്ചിരുന്നു . ഒപ്പം ഐടിആർ ഫയലിംഗ് അവസാന തീയതിക്ക് ശേഷവും പിഴ ഈടാക്കാതെ നികുതിദായകർക്ക് ടിഡിഎസ് റീഫണ്ട് ക്ലെയിം ചെയ്യാൻ അനുവദിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ബില്ലിൽ സർക്കാർ ലാഭേച്ഛയില്ലാത്ത സംഘടനകളെ പൂർണ്ണമായും മതപരമായ ട്രസ്റ്റുകൾ സ്വീകരിക്കുന്ന അജ്ഞാത സംഭാവനകൾക്ക് നികുതി ചുമത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം ആശുപത്രികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിനായി മത ട്രസ്റ്റുകൾക്ക്  ലഭിക്കുന്ന അത്തരം സംഭാവനകൾക്ക് ബിൽ അനുസരിച്ച് നിയമപ്രകാരം നികുതി ചുമത്തന്നതായിരിക്കും എന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *