ഒന്‍പത് വര്‍ഷം ഒന്നിച്ചുജീവിച്ചു, ഇനി കല്യാണം; റൊണാള്‍ഡോയുടെയും ജോര്‍ജിനയുടെയും ജീവിതകഥ

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പ്രണയിനി ജോര്‍ജിന റോഡ്രിഗസും വിവാഹിതരാകുകയാണ്. സ്പാനിഷ് മോഡലായ ജോര്‍ജിന തന്നെയാണ് വിവാഹക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ഞാനുണ്ട്, ഈ ജന്മത്തിലും വരും ജന്മങ്ങളിലും’ എന്ന കുറിപ്പോടെയാണ് ജോര്‍ജിന വിവാഹവിശേഷം പങ്കുവെച്ചത്.

ഒന്‍പത് വര്‍ഷമായി ഒന്നിച്ച്

സ്പാനിഷ് ക്ലബായ റയല്‍ മഡ്രിഡില്‍ കളിക്കുന്ന കാലത്താണ് റൊണാള്‍ഡോ ജോര്‍ജിനയെ പരിചയപ്പെടുന്നത്. സ്പാനിഷ് തലസ്ഥാനമായ മഡ്രിഡിലെ ലോകോത്തര ബ്രാന്‍ഡ് ഷോപ്പില്‍ ജീവനക്കാരിയായിരുന്നു ആ സമയത്ത് ജോര്‍ജിന. ഇരുവരും തമ്മില്‍ ഒന്‍പത് വയസിന്റെ വ്യത്യാസമുണ്ട്.

2016 മുതല്‍ റൊണാള്‍ഡോയും ജോര്‍ജിനയും ഒന്നിച്ച് ജീവിക്കുന്നു. 2017 ജനുവരിയില്‍ ഫിഫ ഫുട്‌ബോള്‍ പുരസ്‌കാര വേദിയില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം ജോര്‍ജിനയും പ്രത്യക്ഷപ്പെട്ടു. അന്നാണ് ഇരുവരുടെയും ബന്ധം ഫുട്‌ബോള്‍ ലോകം അറിയുന്നത്. ഒന്നിച്ചു ജീവിക്കുമ്പോഴും നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല.

ഇരുവര്‍ക്കും രണ്ട് മക്കള്‍

ജോര്‍ജിനയുമായുള്ള ബന്ധത്തില്‍ 2017 നവംബറിലാണ് റൊണാള്‍ഡോയ്ക്കു അലാന മാര്‍ട്ടിന എന്ന മകള്‍ ജനിക്കുന്നത്. 2022 ല്‍ ജോര്‍ജിന ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയെങ്കിലും അതിലെ മകന്‍ മരിച്ചു. മകള്‍ ബെല്ലയെ മാത്രമാണ് റൊണാള്‍ഡോയ്ക്കും ജോര്‍ജിനയ്ക്കും ലഭിച്ചത്. ഇതുകൂടാതെ 2017 ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ റൊണാള്‍ഡോയ്ക്കു ഈവ മരിയ, മാറ്റിയോ എന്ന രണ്ട് മക്കള്‍ കൂടിയുണ്ട്. ഇവരുടെയെല്ലാം രക്ഷാകര്‍തൃത്വം റൊണാള്‍ഡോയും ജോര്‍ജിനയും ഒന്നിച്ചാണ് വഹിക്കുന്നത്.

റൊണാള്‍ഡോയുമായുള്ള ആദ്യ കൂടിക്കാഴ്ച

ഒരു അഭിമുഖത്തില്‍ റൊണാള്‍ഡോയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് ജോര്‍ജിന വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യ കാഴ്ചയില്‍ തന്നെ റൊണാള്‍ഡോയോട് ക്രഷ് തോന്നി. അത്രയും സുന്ദരനായിരുന്നു അവന്‍, എന്നാല്‍ തനിക്ക് അധികം സംസാരിക്കാന്‍ സാധിച്ചില്ല. പിന്നീടാണ് ഇരുവരും സൗഹൃദത്തിലായതെന്നും ജോര്‍ജിന പറഞ്ഞു.

റൊണാള്‍ഡോയെ പോലെ ജോര്‍ജിനയും കോടീശ്വരി

ഫുട്‌ബോളില്‍ വലിയ താരമൂല്യമുള്ള താരമാണ് 40 കാരനായ റൊണാള്‍ഡോ. എന്നാല്‍ 31 കാരിയായ ജോര്‍ജിനയും ഒട്ടും മോശമല്ല. ഏതാണ്ട് 100 കോടിയിലേറെയാണ് ജോര്‍ജിനയുടെ മൂല്യം. മോഡലിങ്, സോഷ്യല്‍ മീഡിയ, നെറ്റ്ഫ്‌ളിക്‌സ് (ഐ ആം ജോര്‍ജിന ഷോ) എന്നിവയിലൂടെയാണ് ജോര്‍ജിന കോടികള്‍ സമ്പാദിക്കുന്നത്.

നഷ്ടപരിഹാരം മുന്‍പേ തീരുമാനിച്ചു

തന്റെ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ജോര്‍ജിനയുമായി ഭാവിയില്‍ പിരിഞ്ഞാല്‍ അവര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം അടക്കം റൊണാള്‍ഡോ തീരുമാനിച്ചിട്ടുണ്ടെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ 2023 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോര്‍ജിനയുമായി പിരിഞ്ഞാല്‍ കരാര്‍ പ്രകാരം 1.09 ലക്ഷം ഡോളര്‍ (ഏകദേശം 89 ലക്ഷം രൂപ) പ്രതിമാസം ജീവനാംശമായി റൊണാള്‍ഡോ നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *