സനാ: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഭർത്താവ് തോമസും മകൾ മിഷേലും യെമനിൽ. നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ഇവാഞ്ചലിസ്റ്റ് ഡോ. കെ.എ പോളിന്റെ വീഡിയോയിൽ ഇരുവരുമുള്ളതായി കാണാം. പതിമൂന്ന് വയസ്സുകാരി മിഷേൽ ഇംഗ്ലീഷിലും മലയാളത്തിലും സംസാരിക്കുന്നുണ്ടെങ്കിലും എന്താണെന്ന് വ്യക്തമല്ല. വാർത്താ ഏജൻസിയായ പിടിഐ പോസ്റ്റ് ചെയ്ത വീഡിയോയിൽ പ്രിയയുടെ ഭർത്താവ് തോമസും അവർക്കൊപ്പമുണ്ട്. നേരത്തെ ജൂലൈ 15ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ഇത് തത്ക്കാലത്തേയ്ക്ക് തടഞ്ഞ ഹൂത്തി ഭരണകൂടത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
അതേസമയം, ആന്ധ്രയിൽ നിന്നുള്ള ഇവാഞ്ചലിസ്റ്റ് കെ.എ പോളാണ് വീഡിയോയിൽ പ്രധാനമായും സംസാരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവിന്റെ സ്ഥാപകനാണ് അദ്ദേഹം. തലസ്ഥാനമായ സനയും യെമന്റെ വലിയൊരു ഭാഗവും ഭരിക്കുന്ന വിമത ഗ്രൂപ്പിന്റെ നേതാവായ അബ്ദുൾ-മാലിക് അൽ-ഹൂത്തിയെ സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന ആഗോള സമാധാന ഉച്ചകോടിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പോൾ തന്റെ സംഭാഷണം ആരംഭിക്കുന്നത്.
“സ്നേഹം വെറുപ്പിനെക്കാൾ ശക്തമാണ്” എന്ന് പറഞ്ഞ അദ്ദേഹം, വർഷങ്ങളായി ആഭ്യന്തരയുദ്ധത്താൽ തകർന്ന യെമനിൽ ശാശ്വത സമാധാനത്തിനായി മധ്യസ്ഥത വഹിക്കാമെന്നും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയും അമേരിക്കയുമടക്കമുള്ള പല രാജ്യങ്ങളും ഹൂത്തി ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കാത്തതാണ് നിമിഷ പ്രിയയുടെ മോചനത്തിന് ഏറ്റവും വലിയ വിലങ്ങു തടിയായി നിൽക്കുന്നത്. അതേസമയം, വധശിക്ഷയിൽ ഇടവ് കൊടുക്കുന്നതിനെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും ശക്തമായി എതിർക്കുന്നു.
നേരത്തെ നിമിഷപ്രിയയുടെ മോചനത്തിനായെന്ന പേരില്‍ പണം പിരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. ജെറോം തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ കാണുകയോ ബന്ധപ്പെടുകയോ ഒരു മെസേജ് പോലും അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും, മറിച്ചാണെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും തലാലിന്‍റെ സഹോദരന്‍ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.