കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശ്വാസകരമായ വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. നേരത്തെ തിങ്കളാഴ്ച രാത്രി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തീരുമാനമായി എന്ന് കാന്തപുരം എ.പി അബുബക്കർ മുസലിയാരുടെ ഓഫീസ് അറിയിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ. ശിക്ഷ റദ്ദാക്കുന്നതിൽ തത്വത്തിൽ ധരണയായതായി അദ്ദേഹം അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം വധശിക്ഷ നൽകേണ്ട എന്ന ധാരണയിലെത്തിയതായി മനോരമ ഓൺലൈനിനോട് അദ്ദേഹം പറഞ്ഞു.
അതേസമയം, നിമിഷപ്രിയയുടെ ഭാവി ഇനിയെന്താകുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ദയാദനവും മോചനവും അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ചർച്ച നടക്കേണ്ടതുണ്ട്. വധശിക്ഷ ഒഴിവാക്കുന്നതിൽ മാത്രമാണ് തത്വത്തിൽ ധാരണയായിരിക്കുന്നത്. കൊല്ലപ്പെട്ടയാളുടെ സ്വത്തിന്റെ അവകാശികളാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. തലാലിന്റെ മാതാപിതാക്കളും മക്കളും ജീവിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിനുള്ള അവകാശം അവർക്കാണ്. അവരില്ലെങ്കിൽ മാത്രമേ സഹോദരന് തീരുമാനമെടുക്കാൻ സാധിക്കൂ. ആ നിലയ്ക്ക് നിമിഷപ്രിയയ്ക്കും കുടുംബത്തിനും ആശ്വസക്കാമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തിയതായാണ് വിലയിരുത്തൽ.
നേരത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ അഭ്യർത്ഥന മാനിച്ച് ശൈഖ് ഉമർ ഹളീഫ് തങ്ങൾ നിയോഗിച്ച യെമൻ പണ്ഡിത സംഘവും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ റദ്ദാക്കാൻ തീരുമാനമായതായാണ് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച വിവരം ലഭിച്ചെന്നും മോചനം സംബന്ധിച്ച തുടർ ചർച്ചകൾ നടക്കുമെന്നുമാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്. വടക്കൻ യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്തതായാണ് അറിയാൻ സാധിച്ചത്.
എന്നാൽ ശിക്ഷ റദ്ദാക്കലുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളെ തള്ളി തലാലിന്റെ സഹോദരൻ വീണ്ടും രംഗത്തെത്തി. നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേയും റിപ്പോർട്ട് ചെയ്യുന്നു. വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും തലാലിന്റെ സഹോദരനും ആവശ്യപ്പെട്ടു. വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവര്‍ത്തകൻ സാമുവൽ ജെറോമും അറിയിച്ചു.