സനാ: നിമിഷപ്രിയയുടെ മോചനത്തിനായെന്ന പേരില്‍ പണം പിരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. ജെറോം തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ കാണുകയോ ബന്ധപ്പെടുകയോ ഒരു മെസേജ് പോലും അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും, മറിച്ചാണെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും തലാലിന്‍റെ സഹോദരന്‍ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ബിബിസിയില്‍ അവകാശപ്പെട്ടത് പോലെ സാമുവല്‍ ജെറോം അഭിഭാഷകനല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം പണം പിരിക്കുകയാണെന്നും മഹ്ദി ആരോപിച്ചു. അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്താണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
വധശിക്ഷക്ക് പ്രസിഡന്‍റ് അംഗീകാരം നല്‍കിയതിന് പിന്നാലെ ജെറോമിനെ സനായില്‍ വെച്ച് കണ്ടുമുട്ടിയെന്നും അന്ന് സന്തോഷത്തോടെ സാമുവല്‍ ജെറോം ഒരായിരം അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞതായും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം കേരള മാധ്യമങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോചനത്തിനുള്ള പണമായി സാവുമല്‍ ജെറോം 20,000 ഡോളര്‍ ശേഖരിക്കാന്‍ അഭ്യര്‍ത്ഥിച്ച വിവരം അറിഞ്ഞതെന്നും മഹ്ദി പറയുന്നു. വര്‍ഷങ്ങളായി ഇയാള്‍ തങ്ങളുടെ ചിന്തിയ രക്തം മധ്യസ്ഥത എന്ന പേരില്‍ വ്യാപാരം നടത്തുകയാണെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു. തങ്ങള്‍ക്ക് സത്യം അറിയാമെന്നും അദ്ദേഹം നുണ പറയുന്നതും വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കില്‍ സത്യം വെളിപ്പെടുത്തുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം നിമിഷ പ്രിയയുടെ മോചനത്തിന് ഇറാൻ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നുമുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിന് പിന്നാലെയാണ് മോചനവുമായി ബന്ധപ്പെട്ട നയതന്ത്ര ഇടപെടലുകള്‍ക്കായി മറ്റു രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ യമനിലെ ഒരു മത പുരോഹിതനുമായി ബന്ധപ്പെട്ടിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായും കാന്തപുരം സംസാരിച്ചിരുന്നു. സെയ്ദ് ഉമർ ഹഫീസ് എന്ന യമൻ സുന്നി പണ്ഡിതൻ മുഖേനെയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാൻ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരം ഒരുക്കിയത്.
യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ 2017 മുതല്‍ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ. ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വധശിക്ഷ നീട്ടിവയ്ച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറങ്ങി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനു പിന്നാലെയാണ് നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമായത്.