നിലമ്പൂര്‍ പോളിംഗ് ബൂത്തില്‍

സ്വരാജും ആര്യാടനും വോട്ട് രേഖപ്പെടുത്തി

നിലമ്പൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പോളിങിന്റെ ആദ്യമണിക്കൂറില്‍ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെ പോലും അവഗണിച്ചാണ് പലരും വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. 202 ആം നമ്പര്‍ ബൂത്തിലെ ആദ്യവോട്ടറായത് നിലമ്പൂര്‍ ആയിഷയാണ്. യുഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൌക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ് മാങ്കൂത്ത് ജിഎല്‍പിഎസിലൂം വോട്ട് രേഖപ്പെടുത്തി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി വി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സെമി ഫൈനലായി കണക്കാക്കിയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിലമ്പൂരില്‍ പ്രചാരണം നടത്തിയത്. വൈകീട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.
പത്തുപേരാണ് മത്സരരംഗത്തുള്ളത്. ആര്യാടന്‍ ഷൌക്കത്ത്, എം സ്വരാജ്, എന്‍ ഡി എ യുടെ അഡ്വ. മോഹന്‍ ജോര്‍ജ് എന്നിവരെക്കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി വി അന്‍വറും തമ്മിലാണ് പ്രധാന പോരാട്ടം. ഇത് കൂടാതെ അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ), സ്വതന്ത്ര സ്ഥാനാര്‍ഥികളായ എന്‍ ജയരാജന്‍, പി രാധാകൃഷ്ണന്‍ നമ്പൂരിതിപ്പാട്, വിജയന്‍, ജി സതീഷ് കുമാര്‍, ഹരിനാരായണന്‍ എന്നിവരും മത്സര രംഗത്തുണ്ട്.
വീട്ടില്‍ വോട്ട് ചെയ്യാന്‍ അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16-ന് തന്നെ പൂര്‍ത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനല്‍ എന്ന പ്രാധാന്യത്തിലാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നണികള്‍ കണ്ടത്. 21 നാള്‍ നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനുവേദിയായി. മുഴുവന്‍ സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടാണ് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തിയത്. ഇരുമുന്നണികള്‍ക്കും ലഭിച്ച പിന്തുണയെച്ചൊല്ലിയുള്ള തര്‍ക്കമാണ് പ്രചാരണത്തിന്റെ അവസാന നാളുകളിൽ കളം നിറഞ്ഞത്.

പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ നല്‍കിയ പത്രിക തള്ളിപ്പോയിരുന്നു. പത്തുപേരുടെ ഒപ്പിനു പകരം എട്ടുപേരുടെ ഒപ്പുമാത്രമിട്ട പത്രിക നല്‍കിയതായിരുന്നു കാരണം. ഇത് മനഃപൂര്‍വമാണെന്ന് ആരോപണമുയര്‍ന്നു. പിന്നീട് അദ്ദേഹം സ്വതന്ത്രസ്ഥാനാര്‍ഥിയായി. അതിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാത്രി പി.വി. അന്‍വറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത് വിവാദത്തിന് എരിവുപകര്‍ന്നു. പത്താംക്ലാസുകാരന്‍ അനന്തുവിന്റെ ദാരുണമായ മരണവും ചര്‍ച്ചാവിഷയമായി. പന്നിക്കുവെച്ച കെണിയില്‍നിന്ന് ഷോക്കാറ്റുള്ള മരണം വീണ്ടും മലയോരകര്‍ഷകരുടെ ദുരിതത്തെച്ചൊല്ലി മുന്നണികള്‍ തമ്മില്‍ പോരിനിടയാക്കി.

അതുകഴിഞ്ഞപ്പോഴാണ് ജമാഅത്തെ ഇസ്ലാമി യുഡിഎഫിനും പിഡിപി എല്‍ഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചത്. അത് അടുത്ത വാക്പോരിന് വഴിതെളിച്ചു. ആരാണ് കൂടുതല്‍ വര്‍ഗീയപ്പാര്‍ട്ടി എന്നതിലായിരുന്നു ചര്‍ച്ച.

23നാണ്‌ വോട്ടെണ്ണൽ.

Leave a Reply

Your email address will not be published. Required fields are marked *