അടുത്ത ഉപരാഷ്ട്രപതി ആരാകും? സാധ്യതാപട്ടികയിൽ രണ്ടു മലയാളികളും !

കൊച്ചി: തികച്ചും അപ്രതീക്ഷിതമായിരുന്നു ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജിയും പടിയിറക്കവും. രാജ്യസഭ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വർഷകാല സമ്മേളനം ആരംഭിച്ച ദിവസം തന്നെ രാത്രി രാജി പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജിയെങ്കിലും പല തരത്തിലുള്ള രാഷ്ട്രീയ ചർച്ചകൾക്കാണ് ധൻഖറിന്റെ പടിയിറക്കം തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം, വർഷകാല സമ്മേളനം പുരോഗമിക്കുമ്പോൾ തന്നെ പുതിയ ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള ചർച്ചകളും സജീവമാണ്.

രണ്ട് മലയാളികളും സാധ്യത പട്ടികയിലുള്ളതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിനൊപ്പം മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയെയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് എൻഡിഎ വൃത്തങ്ങൾ കേന്ദ്രീകരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, സാധ്യത പട്ടികയിൽ മുൻനിരയിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനും ജനത ദൾ യുണൈറ്റഡ് എംപിയുമായി ഹരിവൻഷ് സിംഗാണ്. എൻഡിഎയുടെ വിശ്വസ്ത സഖ്യമാണ് ജനതാ ദൾ. 2020 മുതൽ രാജ്യസഭാ ഉപാധ്യക്ഷനായി ചുമതല വഹിച്ചു വരികയാണ് ഹരിവൻഷ് സിംഗ്. അദ്ദേഹത്തിന് അവസരം കിട്ടുകയാണെങ്കിൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കാണ് ബിജെപി വഴിതുറക്കുന്നതെന്നാണ് വിലയിരുത്താൽ. ജഗ്ദീപ് ധൻഖറും അദ്ദേഹത്തിന് മുൻപ് ഉപരാഷ്ട്രപതിയായിരുന്ന വെങ്കയ്യ നയിഡുവും തികഞ്ഞ ബിജെപി പ്രവർത്തകരായിരുന്നു എന്നതാണ് ഇതിന് കാരണം.

പശ്ചിമ ബംഗാൾ ഗവർണ്ണറായിരിക്കെ തന്നെ ജഗ്ദീപ് ധൻഖർ നടത്തിയ രാഷ്ട്രീയ ഇടപ്പെടലുകളും ബിജെപി നയകേന്ദ്രീകൃത സമീപനവും ഏറെ വിമർശനങ്ങൾക്കും ചർച്ചകൾക്കും കാരണമായിരുന്നു. കേരളത്തിലടക്കം സംസ്ഥാന സർക്കാരുകളുമായി ഗവർണർമാർ ഇടയുന്ന സാഹചര്യങ്ങളുടെ തുടക്കവും അദ്ദേഹം പശ്ചിമ ബംഗാൾ ഗവർണറായിരിക്കുന്ന കാലഘട്ടമായിരുന്നു.

നിലവിലത്തെ സാഹചര്യത്തിൽ ഗവർണർ ചുമതലയിലുണ്ടായിരുന്നവരെയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും സാധ്യത കൽപ്പിക്കപ്പെടുന്നു. 2022ൽ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ആരിഫ് മുഹമ്മദ് ഖാന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ എൻഡിഎ സ്ഥാനാർത്ഥിയായി ജഗ്ദീപ് ധൻഖാറാണ് മത്സരിച്ചത്.

ഇവരെ കൂടാതെ, ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റ് പേരുകളിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ എന്നിവരും ഉൾപ്പെടുന്നു. എന്നിരുന്നാലും, ധൻഖറിന്റെ പിൻഗാമിയായി എൻഡിഎയോ പ്രതിപക്ഷമോ ആരെ നിർദ്ദേശിക്കുമെന്ന് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലാത്തതിനാൽ ഇതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. അടുത്ത വൈസ് പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് അടുത്ത 60 ദിവസത്തിനുള്ളിൽ നടത്തണം.

1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നിയമപ്രകാരമാണ് വോട്ടെടുപ്പ് നടത്തുന്നത്. പാർലമെന്റിന്റെ ഇരുസഭകളിലെയും – ലോക്‌സഭയിലെയും രാജ്യസഭയിലെയും – അംഗങ്ങൾ ഉൾപ്പെടെ – ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി, സംസ്ഥാന നിയമസഭകൾ പങ്കെടുക്കില്ല എന്ന പ്രത്യേകതയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *