‘കെറ്റാമെലോണ്‍’ ഡാര്‍ക്ക് നെറ്റിലൂടെ ലഹരി ഒഴുകിയത് പതിനായിരത്തിലേറെ പേര്‍ക്ക്

‘കെറ്റാമെലോണ്‍’ ഡാര്‍ക്ക് നെറ്റിലൂടെ അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ബാബു(29) ലഹരി ഒഴുക്കിയത് പതിനായിരത്തിലേറെ പേര്‍ക്ക്. ഏറ്റവും കൂടുതല്‍ ലഹരി പാര്‍സലുകള്‍ അയച്ചത് ബെംഗളൂരുവിലേക്കും പൂനെയിലേക്കുമാണെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എഡിസനു വേണ്ടി ഇടപാട് നടത്താന്‍ ഡാര്‍ക്ക് നെറ്റില്‍ ഏജന്റുമാരുണ്ട്. എന്നാല്‍ ഈ ഇടനിലക്കാരെ കണ്ടെത്തുക ശ്രമകരമായ ജോലിയാണ്. കോഡ് ഭാഷകളിലൂടെയാണ് എഡിസനും ഇടനിലക്കാരും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 5-10 കോടി രൂപയുടെ ഇടപാട് ഇയാള്‍ നടത്തിയിരിക്കാമെന്നാണ് എന്‍സിബി സംശയിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി എഡിസനനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് എന്‍സിബി.
ആഗോള എല്‍എസ്ഡി വിതരണക്കാരായ ഡോ. സോയൂസ് ശൃംഖലയില്‍നിന്നാണ് മയക്കുമരുന്നായ എല്‍എസ്ഡി ഇയാള്‍ വാങ്ങിയിരുന്നത്. ഇടപാട് ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചായിരുന്നു. ഫോറിന്‍ പോസ്റ്റ് ഓഫീസിലേക്ക് തപാലിലാണ് ഇങ്ങനെ ഓഡര്‍ചെയ്യുന്ന ലഹരിയെത്തുക. ഇത് ആഭ്യന്തര കൊറിയര്‍ സംവിധാനമുപയോഗിച്ച് ഇടപാടുകാര്‍ക്ക് വിതരണംചെയ്യും. ബംഗളൂരു, ചെന്നൈ, ഭോപാല്‍, പട്ന, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് അയക്കുന്നത്. സംശയംതോന്നാതിരിക്കാന്‍ ഓരോതവണയും വ്യത്യസ്തപട്ടണങ്ങളിലെ ആഭ്യന്തര കൂറിയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ജൂണ്‍ 28-ന് എഡിസന്റെപേരില്‍ ഫോറിന്‍ പോസ്റ്റ് ഓഫീലെത്തിയ മൂന്നു തപാല്‍ പാഴ്‌സലുകളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നി. ഇവര്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ വിവരമറിയിച്ചു. ഇതില്‍നിന്നാണ് എഡിസണിലേക്ക് അന്വേഷണമെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *