കൊടും വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകുന്നതാണ് മഴക്കാലം. എന്നാൽ, മഴയ്ക്കൊപ്പം ജലദോഷം, ചുമ, തൊണ്ടവേദന, ദഹന പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ചില സീസണൽ അണുബാധകളും പലരെയും പിടികൂടാറുണ്ട്. ഈ സമയത്ത് പ്രതിരോധശേഷി കുറയുയുന്നതാണ് ഇത്തരത്തിൽ രോഗങ്ങൾ പെട്ടെന്ന് ബാധിക്കുന്നത്. അതിനാൽ ശരിയായ ഭക്ഷണപാനീയങ്ങൾ ഉപയോഗിച്ച് ആരോഗ്യം വർധിപ്പിക്കേണ്ടത് പ്രധാനമാണ്. മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്ന ചില പാനീയങ്ങളുണ്ട്.
- മഞ്ഞൾ ചേർത്ത പാൽ
ജലദോഷത്തിനും ചുമയ്ക്കും തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പ്രതിവിധിയാണ് മഞ്ഞൾ ചേർത്ത പാൽ. മഞ്ഞളിൽ കുർക്കുമിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഒരു നുള്ള് കുരുമുളക് ചേർക്കുന്നത് കൂടുതൽ ഗുണം നൽകും. മധുരത്തിന് ശർക്കരയോ തേനോ ചേർക്കാം. ഈ പാനീയം തൊണ്ടവേദന ശമിപ്പിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള പ്രതിരോധശേഷിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
- തുളസി ഇഞ്ചി ചായ
തുളസി ശ്വസന അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു, അതേസമയം ഇഞ്ചി ദഹനത്തെ സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. നാരങ്ങയും തേനും കൂടി ഇവയ്ക്കൊപ്പം ചേർത്ത് ഒരു ഉന്മേഷദായകമായ ഹെർബൽ ടീ ഉണ്ടാക്കി കുടിക്കാം.
- പുതിനയും നാരങ്ങയും ചേർത്ത തേങ്ങാവെള്ളം
തേങ്ങാവെള്ളം പ്രകൃതിയുടെ ഇലക്ട്രോലൈറ്റ് പാനീയമാണ്, മഴക്കാലത്തിന് അനുയോജ്യമാണ്. പുതിനയിലയും നാരങ്ങാനീരും ചേർത്ത് കൂടുതൽ രുചികരവും ദഹനത്തിന് അനുയോജ്യവുമാക്കുക. വയറു വീർക്കുകയോ മന്ദത അനുഭവപ്പെടുകയോ ചെയ്യുന്ന ദിവസങ്ങളിൽ ഈ പാനീയം കുടിക്കുക.
- നെല്ലിക്ക ജ്യൂസ്
വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ് നെല്ലിക്ക ജ്യൂസ്, പ്രതിരോധശേഷി ശക്തിപ്പെടുത്താനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
- വെളുത്തുള്ളി കഷായം
വെളുത്തുള്ളി ഒരു പ്രകൃതിദത്ത ആന്റിബയോട്ടിക്കാണ്, ഇത് രോഗപ്രതിരോധ ശേഷിക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. തുളസി, കറുവപ്പട്ട, കുരുമുളക്, ഗ്രാമ്പൂ എന്നിവ ചേർത്ത് വെളുത്തുള്ളി കഷായമുണ്ടാക്കുക.
- സീസണൽ ഫ്രൂട്ട് സ്മൂത്തികൾ
ഞാവൽപ്പഴം, പ്ലം, പീച്ച്, മാമ്പഴം തുടങ്ങിയ മൺസൂൺ പഴങ്ങളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. യോഗർട്ട് അല്ലെങ്കിൽ ബദാം മിൽക്കുമായി മിക്സ് ചെയ്ത് ഫ്ളാക്സ് സീഡുകൾ അല്ലെങ്കിൽ ചിയ സീഡ്സുകൾ ചേർത്ത് കഴിക്കുക.
ഈ സ്മൂത്തികൾ പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ മികച്ചതാണ്.
- കറുവാപ്പട്ടയും തേനും ചേർത്ത ചായ
കറുവാപ്പട്ട രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു, കൂടാതെ ആന്റി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. ഒരു കഷണം കറുവാപ്പട്ട വെള്ളത്തിൽ തിളപ്പിച്ച്, അരിച്ചെടുത്ത് ഒരു സ്പൂൺ തേൻ ചേർത്ത് ഇളക്കുക.
- ഓറഞ്ച്, കാരറ്റ് ജ്യൂസ്
വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് ഓറഞ്ചും കാരറ്റും. ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു, ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഒരു നുള്ള് മഞ്ഞളോ ഇഞ്ചിയോ ചേർക്കാം.
- സുഗന്ധ വ്യജ്ഞനങ്ങൾ ചേർത്ത വെള്ളം
പെരുംജീരകം, ജീരകം, അയമോദകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത വെള്ളം കുടിക്കുക. ഇവ ദഹനത്തെ സഹായിക്കുന്നു, വയറു വീർക്കുന്നത് കുറയ്ക്കുന്നു, കുടലിന്റെ ആരോഗ്യം നിലനിർത്തുന്നു, അതുവഴി മൊത്തത്തിലുള്ള പ്രതിരോധശേഷി വർധിപ്പിക്കുന്നു.