തിരുവനന്തപുരം : ദേശീയ പണിമുടക്ക് ആരംഭിച്ചു മണിക്കൂറുകൾ പിന്നിട്ടപ്പോൾ സംസ്ഥാന വ്യാപകമായി ഗതാഗതം സ്തംഭിച്ചു . വിവിധയിടങ്ങളിൽ ബസുകൾ തടഞ്ഞു . പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോയ ബസിൽ ഡ്രൈവർ ഹെൽമറ്റ് ധരിച്ചാണ് ഓടിച്ചത് . അടൂർ എത്തിയപ്പോൾ ബസ് തടഞ്ഞു .കല്ലേറ് വരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഹെൽമറ്റ് വച്ചതെന്ന് ഡ്രൈവർ ഷിബു തോമസ് പറഞ്ഞു .കൊച്ചിയിലും തൃശ്ശൂരും ബസുകൾ തടഞ്ഞു.കൊൽക്കത്തയിലും ഇത്തരത്തിൽ ഹെൽമറ്റ് വച്ച് ഡ്രൈവർ ബസ് ഓടിച്ചതായി വിവരം .
കടകൾ പൂർണമായും അടഞ്ഞു കിടക്കുകയാണ് .ഡയസ്‌നോൺ ഉള്ളതിനാൽ കെഎസ് ആർടിസി യിൽ ജീവനക്കാർ ഹാജരാണെങ്കിലും സർവീസ് നടത്തുന്നില്ല എന്നാണ് പറയുന്നതു .സ്വകാര്യ ബസുകൾ ഓടുന്നില്ല . നെയ്യാറ്റിൻകരയിൽ ബസ് ജീവനക്കാരനെ മർദ്ദിച്ചതായും പരാതിയുണ്ട് .
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിമുതല്‍ ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി 12 മണി വരെ തുടരും. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്‍പ്പന അവസാനിപ്പിക്കുക തുടങ്ങിയ 17 ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇതില്‍ തൊഴിലാളിവിരുദ്ധമായ നാല് ലേബര്‍കോഡുകള്‍ പിന്‍വലിക്കണമെന്നതാണ് പ്രധാന ആവശ്യം. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച തുടങ്ങി പത്ത് തൊഴിലാളി സംഘടനകളാണ് ദേശീയ പണിമുടക്കിന്റെ ഭാഗമാവുക. ബി ജെ പിയുടെ തൊഴിലാളി വിഭാഗമായ ബി എം എസ് പണിമുടക്കില്‍ ഭാഗമല്ല .









