തിരുവനന്തപുരം :പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ.
കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു.
തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയനകളുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 മണി വരെയുള്ള ദേശീയ പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച് എം എസ് തുടങ്ങി 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.